എസ് വളവില്‍ നിയന്ത്രണംവിട്ട് ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു: മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, മൂന്ന് പേരുടെ നില ഗുരുതരം

ഇടുക്കി: പൂപ്പാറ തൊണ്ടിമലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. തിരുനെല്‍വേലി സ്വദേശികളായ സി. പെരുമാള്‍ (59), വള്ളിയമ്മ (70), സുശീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ശനിയാഴ്ച വൈകുന്നേരം 6.45-ഓടെയാണ് അപകടമുണ്ടായത്. തിരുനെല്‍വേലിയില്‍ നിന്ന് മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പൂപ്പാറയ്ക്കും ബോഡിമേട്ടിനും ഇടയില്‍ തൊണ്ടിമല എസ് വളവില്‍ നിയന്ത്രണംവിട്ട് ട്രാവലര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നത് 20 പേരാണ്.

Exit mobile version