ശ്രീലങ്കന്‍ യുവതിയും ശബരിമല ദര്‍ശനം നടത്തി! വീഡിയോ സഹിതം സ്ഥിരീകരിച്ച് പോലീസ്

ശബരിമല: ശ്രീലങ്കന്‍ യുവതിയും ശബരിമല ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തായി. വ്യാഴാഴ്ച രാത്രി 10.40 ന് ഹരിവരാസനം പാടി നടയടക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ശശികല ദര്‍ശനം നടത്തി മടങ്ങിയത്. ഭര്‍ത്താവുള്‍പ്പെടെ കുടുംബാംഗങ്ങളുമായാണ് ശശികല ദര്‍ശനത്തിനെത്തിയത്. ശശികല ദര്‍ശനം നടത്തുമ്പോള്‍ തീര്‍ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്.

എന്നാല്‍ താന്‍ ദര്‍ശനം നടത്തിയിട്ടില്ലെന്നായിരുന്നു വ്യാഴാഴ്ച ശശികല മാധ്യമങ്ങളോട് പറഞ്ഞത്. വ്രതമെടുത്ത് എത്തിയ തന്നെ മരക്കൂട്ടത്തുനിന്നു പോലീസ് തിരിച്ചയച്ചെന്നായിരുന്നു ശശികല മാധ്യമങ്ങളോട് പറഞ്ഞത്. സംഘപരിവാര്‍ സംഘടനകളുടെ അക്രമം ഭയന്നാവാം ഇവര്‍ ദര്‍ശനം നടത്തിയ വിവരം മറച്ചുവച്ചതെന്നാണ് അറിയുന്നത്.

Exit mobile version