വികസനം രാഷ്ട്രീയത്തിന് അതീതം: വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ്; ശശി തരൂര്‍ എംപി

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്സ്പ്രസിനെ സ്വാഗതം ചെയ്ത് ശശി തരൂര്‍ എംപി. വികസനം രാഷ്ട്രീയത്തിന് അതീതമെന്നും നടക്കാനിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. വന്ദേഭാരത് കേരളത്തില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വര്‍ഷം മുമ്പ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം.

അതേസമയം, വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ പരീക്ഷണ ഓട്ടം ആരംഭിച്ചു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.20നാണ് ട്രെയിന്‍ പുറപ്പെട്ടത്. കാസര്‍കോട് വരെയാകും പരീക്ഷണ ഓട്ടം. ഇന്നലെയായിരുന്നു വന്ദേഭാരത് സര്‍വീസ് കാസര്‍കോട് വരെ നീട്ടിയതായി കേന്ദ്ര റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചത്. കാസര്‍കോട് വരെ എത്താന്‍ എട്ടര മണിക്കൂറാണ് പ്രതീക്ഷിക്കുന്ന യാത്രാ സമയമെന്നാണ് മന്ത്രി പറഞ്ഞത്.

റൂട്ടിലെ വേഗമേറിയ ട്രെയിന്‍ തിരുവനന്തപുരം- നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസിന്റെ യാത്രാസമയം ഏകദേശം ഒമ്പത് മണിക്കൂറാണ്. തുടക്കത്തില്‍ എട്ടു കോച്ചുകളുമായാകും വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. വന്ദേഭാരതിന്റെ ആശയത്തെ തന്നെ ഇല്ലാതാക്കുമെന്നതിനാല്‍ കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കില്ലെന്നും പകരം കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

Exit mobile version