ഇറ്റലി ടു പട്ടാമ്പി പ്രണയം സഫലം: വീണയെ താലിചാര്‍ത്തി ജീവിതസഖിയാക്കി ഇറ്റലിക്കാരന്‍

പട്ടാമ്പി: ആറ് വര്‍ഷത്തെ പ്രണയം സഫലമായി, പട്ടാമ്പിക്കാരി വീണയെ താലി ചാര്‍ത്തി നല്ലപാതിയാക്കി ഇറ്റാലിയന്‍ പൗരന്‍ ഡാരിയോ. പട്ടാമ്പി മുതുതല സ്വദേശി വീണയെയാണ് ഇറ്റലിക്കാരന്‍ സ്വന്തമാക്കിയത്.

വിമാന യാത്രയ്ക്കിടയിലുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു. ഇരുവീട്ടുകാരും പിന്തുണച്ചതോടെ ഒന്നിച്ചുള്ള ജീവിതയാത്രയും സാധ്യമായി.

2017 ല്‍ ഉപരിപഠനത്തിനായി യുഎസിലേക്ക് പോയപ്പോഴാണ് വീണ ഇറ്റലിയില്‍ നിന്നുള്ള ഡാരിയോയെ പരിചയപ്പെടുന്നത്. ഇരുവരും സൗഹൃദം തുടര്‍ന്നു. സൗഹൃദം പ്രണയത്തിലേക്ക് മാറി. കഴിഞ്ഞ വര്‍ഷമാണ് വീണ പ്രണയം വീട്ടിലറിയിച്ചത്. ഇരുവീട്ടുകാരും സമ്മതമറിയിച്ചതോടെ കഴിഞ്ഞ വര്‍ഷം യുഎസില്‍ വെച്ച് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തു. വീണയുടെ പഠനം പൂര്‍ത്തിയായി നാട്ടിലെത്തിയതോടെ കുടുംബക്ഷേത്രത്തില്‍ വച്ച് താലികെട്ട്.

ആദ്യമായാണ് ഇന്ത്യയിലെത്തുന്നതെന്നും ഏറെ സന്തോഷമുണ്ടെന്നും ഡാരിയോ പറയുന്നു. കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ഡാരിയോയുടെ കുടുംബം ചടങ്ങിനെത്തിയിരുന്നില്ല. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇരുവരും വൈകാതെ ഇറ്റലിയിലേക്ക് മടങ്ങും.

Exit mobile version