പഠനത്തിൽ മിടുക്കൻ; എംബിബിഎസ് വേണ്ടെന്ന് വെച്ച് ആയുർവേദത്തിലേക്ക്; അച്ഛൻ വീണ്ടും വിവാഹം ചെയ്തത് മുതൽ പക; സ്വയം വിഷമുണ്ടാക്കി ലക്ഷ്യമിട്ടത് അച്ഛനെ

തൃശൂർ: വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. താൻ അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചതെന്നും വേറെ ആരെയും ഒന്നും ചെയ്യാൻ ഉദ്ദേശ്യമില്ലായിരുന്നു എന്നും പ്രതിയായ മയൂർനാഥ് പോലീസിനോട് പറഞ്ഞു. മയൂർനാഥിന് അച്ഛനോടും രണ്ടാനമ്മയോടും ദീർഘകാലമായി ഉണ്ടായിരുന്ന പകയാണു കടലക്കറിയിൽ വിഷം ചേർത്തതിന് പിന്നിലെന്ന് ഇയാൾ പറയുന്നു. അച്ഛൻ ശശീന്ദ്രനെ കൊലപ്പെടുത്താനാണ് ഉദ്ദേശിച്ചതെന്നും വീട്ടിലെ ജോലിക്കെത്തിയവർ ഉൾപ്പടെ വിഷം കലർന്ന ഭക്ഷണം കഴിച്ചത് മയൂർനാഥ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സൂചന.

ശശീന്ദ്രന്റെയും ആദ്യ ഭാര്യ ബിന്ദുവിന്റെയും മകനാണ് മയൂർനാഥ്. 15 വർഷം മുൻപു മയൂർനാഥിന്റെ കഴുത്തിലൊരു മുഴയുണ്ടായി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിനുശേഷം തല അൽപം ചരിച്ചുവച്ചാണു ഡോക്ടർമാർ മുറിവുകെട്ടി മയൂർനാഥിനെ വീട്ടിലേക്കയച്ചത്. ഇത് ബിന്ദുവിനു കടുത്ത മനഃപ്രയാസമുണ്ടാക്കിയിരുന്നു. മകന്റെ അവസ്ഥ കണ്ടു സഹിാനാകാതെ മണ്ണെണ്ണയൊഴിച്ചു ബിന്ദു സ്വയം തീകൊളുത്തുകയായിരുന്നു. ബിന്ദുവിന്റെ മരണശേഷം ഒരു വർഷത്തിനുള്ളിൽ ശശീന്ദ്രൻ മറ്റൊരു വിവാഹം ചെയ്തതോടെ മയൂർനാഥിന് കടുത്ത മാനസിക സംഘർഷമുണ്ടായിരുന്നു.

also read-മധു വധക്കേസ്: 14 പ്രതികൾ കുറ്റക്കാർ, രണ്ട് പേരെ വെറുതെവിട്ടു; ശിക്ഷ നാളെ

പഠനത്തിൽ മിടുക്കനായിരുന്ന മയൂർനാഥ് എംബിബിഎസിനു സീറ്റ് ലഭിച്ചെങ്കിലും അതു തിരഞ്ഞെടുക്കാതെ ആയുർവേദത്തിൽ ഉപരിപഠനമാണു തിരഞ്ഞെടുത്തത്. ആയുർവേദ മരുന്നുകൾ സ്വയം ഗവേഷണം നടത്തി കണ്ടെത്താൻ വീടിന്റെ മുകളിൽ ഒരു ലാബും സജ്ജമാക്കിയിരുന്നു. ഈ ലാബിന് വേണ്ടി പണം ആവശ്യപ്പെട്ടിരുന്ന മയൂർനാഥിനോട് ശശീന്ദ്രൻ വഴക്കിട്ടിരുന്നത് പതിവാണ്.

അതേസമയം, ശശീന്ദ്രന്റെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് തെളിഞ്ഞിരുന്നെങ്കിലും ഒന്നുമറിയാത്തപോലെ നിലകൊണ്ട മയൂർനാഥിനെ പോലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷം ഏതെന്നു തിരിച്ചറിയാൻ കഴിയാതെ വന്നതോടെയാണു വിദഗ്ധമായ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ചോദ്യം ചെയ്യലിൽ ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവിൽ മയൂർനാഥ് കുറ്റം സമ്മതിക്കുകയായിരുന്നു.

Exit mobile version