ഞെളിയന്‍ പറമ്പ് മാലിന്യപ്ലാന്റ്: സോണ്‍ട ഇന്‍ഫ്രാ ടെക്കിന് 38 ലക്ഷം പിഴയിട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട്: ഞെളിയന്‍ പറമ്പ് മാലിന്യപ്ലാന്റ് കരാര്‍ നേടിയ സോണ്‍ട ഇന്‍ഫ്രാ ടെക്കിന് പിഴയിട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍. 38,85,500 രൂപയാണ് സോണ്‍ട ഇന്‍ഫ്രാ ടെക്കിന് പിഴ ഈടാക്കുന്നത്. ലേലത്തുകയുടെ അഞ്ചു ശതമാനം പിഴയായി ഈടാക്കാനാണ് തീരുമാനം. കമ്പനി പിഴ തുക അടയ്ക്കാമെന്ന് കോര്‍പ്പറേഷനെ അറിയിച്ചിരുന്നു.

ഇന്നലെയാണ് കമ്പനിക്ക് കരാര്‍ പുതുക്കി നല്‍കിയത്. 4.2 ഏക്കര്‍ സ്ഥലത്തെ ലെഗസി വേസ്റ്റ് നീക്കം ചെയ്തു. ഇപ്പോള്‍ 64 ശതമാനം മാലിന്യം നീക്കിയിട്ടുണ്ട്. ഞെളിയന്‍ പറമ്പിലെ മാലിന്യ നീക്കത്തിന് സോണ്‍ട ഇന്‍ഫ്രാടെക് കമ്പനിക്ക് ഒരു മാസം കൂടി കരാര്‍ നീട്ടി നല്‍കിയിരുന്നു. പ്രതിപക്ഷ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു തീരുമാനം. കൗണ്‍സില്‍ തീരുമാനിക്കുന്ന നിബന്ധനകളോടെ പിഴ ഈടാക്കിയാണ് കരാര്‍ നീട്ടി നല്‍കിയത്.

സോണ്ട കമ്പനിക്ക് ഉപാധികളോടെയാണ് നീട്ടി നല്‍കിയത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനം. 30 ദിവസത്തിനുള്ളില്‍ മാലിന്യം നീക്കം ചെയ്യണം. അല്ലെങ്കില്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന പിഴ ഈടാക്കും. സമയബന്ധിതമായി കരാര്‍ പൂര്‍ത്തികരിക്കാന്‍ കമ്പനിക്ക് കഴിയാത്തതിനെ തുടര്‍ന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍ അടക്കമുള്ളവര്‍ കോര്‍പ്പറേഷന് പിഴ വിധിക്കുകയാണെങ്കില്‍ സോണ്ട കമ്പനി ആയിരിക്കും ഇതിന് ഉത്തരവാദി. ഇത്തരം ഉപാധികളോടെയാണ് കോര്‍പ്പറേഷന്‍ കരാര്‍ നല്‍കിയിരിക്കുന്നത്.

Read Also: സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഒരു മാസം കൊണ്ട് ഞെളിയന്‍പറമ്പിലെ ബയോമൈനിങ്, ക്യാപ്പിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് കര്‍ശന വ്യവസ്ഥകളോടെയാണ് കരാര്‍ നീട്ടി നല്‍കിയത്. ഒന്നാമത്തെ അജണ്ടയായി വിഷയം ചര്‍ച്ചയ്ക്ക് വന്നതോടെ തന്നെ ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.

ഭരണപക്ഷം വിവരങ്ങള്‍ വിശദീകരിക്കുകയും കരാര്‍ നീട്ടി നല്‍കുന്നത് സംബന്ധിച്ച അജണ്ട പാസാക്കുന്നതായും പ്രഖ്യാപിച്ചു. ഇതോടെ ചര്‍ച്ചയുമായി തുടക്കത്തില്‍ സഹകരിച്ച ബിജെപി അംഗങ്ങള്‍ വിയോജനക്കുറിപ്പ് നല്‍കുകയായിരുന്നു. കൗണ്‍സില്‍ ഹാളിനകത്തും പുറത്തും പ്രതിഷേധിച്ചു. ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ് കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു.

സോണ്‍ട കമ്പനിക്ക് കരാര്‍ ഉണ്ടായിരുന്ന നാല് വര്‍ഷത്തില്‍ ഒന്നര വര്‍ഷം കൊവിഡ് മൂലം നഷ്ടമായെന്നും കരാര്‍ വ്യവസ്ഥ ലംഘിച്ചാല്‍ 38.85 ലക്ഷം രൂപ വരെ കമ്പനിയില്‍ നിന്നും പിഴ ഈടാക്കുമെന്നും ഡെപ്യൂട്ടി മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി. 75 അംഗ കൗണ്‍സിലില്‍ 51 അംഗങ്ങളുടെ പിന്തുണയോടെയാണ് മേയര്‍ അജണ്ട പാസാക്കിയത്.

Exit mobile version