കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും കാണാതായത് 12 കോടിയോളം; കോഴിക്കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ക്കായി അന്വേഷണം

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റ 12 കോടിയോളം രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നും കാണാതായ സംഭവത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ ശാഖാ മാനേജര്‍ക്കായി തിരച്ചില്‍. കുടുംബശ്രീ അക്കൗണ്ടില്‍ നിന്ന് മാത്രം പത്തരക്കോടി രൂപയാണ് കാണാതായത്. തട്ടിപ്പ് നടത്തിയ ലിങ്ക് റോഡ് ശാഖാ മുന്‍ മാനേജര്‍ എംപി റിജിലിനായാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

കുടുംബശ്രീ പ്രൊജക്ട് മാനേജരുടെ അക്കൗണ്ടില്‍ നിന്ന് മാത്രം പത്തു കോടിയോളം രൂപ കാണാനില്ല. ഇതിന് പുറമെ മറ്റ് മൂന്ന് അക്കൗണ്ടുകളില്‍ 1.89 കോടിയും നഷ്ടമായിട്ടുണ്ട്. മുഴുവന്‍ തുകയും 24 മണിക്കൂറിനുള്ളില്‍ പലിശ സഹിതം തിരികെ നല്‍കണമെന്ന് കോര്‍പറേഷന്‍ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിലും പരാതി നല്‍കി

ബാങ്ക് രേഖകളുടെ പരിശോധന തുടരുകയാണ്. ഇതിനിടെയാണ് തട്ടിപ്പിന്റെ വ്യാപ്തിയും വര്‍ധിക്കുന്നത്. കോര്‍പറേഷന്റ രണ്ടരക്കോടി രൂപ മുന്‍ മാനേജര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. ഈ തുക ബാങ്ക് കോര്‍പറേഷന് തിരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ ശാഖയില്‍ ഉള്ള മറ്റ് 12 അക്കൗണ്ടുകളിലെ ഇടപാടുകള്‍ കോര്‍പറേഷന്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ തട്ടിപ്പ് കണ്ടെത്തിയത്.

also read- ഒരുപാട് മോഹിച്ച് വാങ്ങിയതാണ്, അച്ഛന്റെ പിറന്നാള്‍ സമ്മാനം; സൈക്കിള്‍ എടുത്ത ചേട്ടന്‍മാര്‍ തിരിച്ചു തരണമെന്ന് അപേക്ഷിച്ച് വിദ്യാര്‍ത്ഥി

നഷ്ടമായ തുക ഏത് അക്കൗണ്ടിലേക്കാണ് പോയതെന്ന് ബാങ്കിന്റ ഓഡിറ്റിന് ശേഷമേ വ്യക്തമാകു. ക്രമക്കേട് നടത്തിയ റിജില്‍ ഒളിവിലാണന്നാണ് പോലീസ് വിശദീകരണം. ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Exit mobile version