ഊണുകഴിക്കാൻ മടി, പിണങ്ങി നടന്ന് എൽകെജിക്കാരി; സ്‌നേഹത്തോടെ മുഴുവൻ ചോറും വാരി ഊട്ടി സോളി ടീച്ചർ; ടീച്ചറമ്മയുടെ ചിത്രം വൈറൽ!

ഏറ്റുമാനൂർ: സ്‌കൂളിലെത്തുന്ന ഓരോ കുഞ്ഞുങ്ങളും മക്കളാണെന്ന് പറയുന്ന ടീച്ചർമാരെ ധാരാളം കാണാനാവും. എന്നാൽ സ്വന്തം മക്കളെ പോലെ സ്‌നേഹിക്കുകയും ചോറു പോലും വാരിക്കൊടുക്കുകയും ചെയ്യുന്ന അധ്യാപകർ കുറവായിരിക്കും. എന്നാൽ, ഇവിടെ ഈ സർക്കാർ സ്‌കൂളിലെ അധ്യാപിക അക്ഷരാർത്ഥത്തിൽ സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും അമ്മയാണ്, ടീച്ചറമ്മ.

സ്‌കൂളിലെ വിദ്യാർത്ഥിനിയായ എൽകെജിക്കാരി ചോറുണ്ണാൻ മടികാട്ടി പിണങ്ങി നടന്നപ്പോൾ ചോറ് വാരി കൊടുത്ത് മുഴുവൻ ഭക്ഷണവും ഊട്ടിയ ടീച്ചറാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ. അതിരമ്പുഴ കാട്ടാത്തി ഗവ. ആർഎസ്ഡബ്ല്യു എൽപി സ്‌കൂൾ എൽകെജി വിഭാഗത്തിലെ സോളി ടീച്ചറാണ് ഇത്തരത്തിൽ വിദ്യാർത്ഥികളുടെ സ്വന്തം അമ്മയെ പോലെ പ്രവർത്തിക്കുന്നത്.

ഭക്ഷണം കഴിക്കാൻ മടിച്ച് നടക്കുന്ന ഏതു കുഞ്ഞിനെയും സ്‌നേഹത്തോടെ ഊട്ടുന്നത് ടീച്ചറുടെ പതിവാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ സ്‌കൂൾ മുറ്റത്തു കൂടി ഓടിനടന്ന കുട്ടിയെ പിഎം സോളമ്മ എന്ന ‘സോളി ടീച്ചർ’ കയ്യോടെ പിടികൂടിയാണ് മാമൂട്ടിയത്.

ALSO READ- സിനിമയിലെ ശക്തയായ സ്ത്രീ കാപ്പി കുടിക്കാൻ രാത്രി വരണമെന്ന് ആവശ്യപ്പെട്ടു; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടനും എംപിയുമായ രവി കിഷൻ

മാവിൻചുവട്ടിലെ പടിയിൽ കയറ്റിനിർത്തി കാക്കയെയും പൂച്ചയെയും കാണിച്ച് വിദ്യാർഥിനിയെ ഭക്ഷണം കഴിപ്പിക്കുകയായിരുന്നു ടീച്ചർ. ഇടയ്ക്ക് കുഞ്ഞിന്റെ ഓരോ ചോദ്യത്തിനും ക്ഷമയോടെ ഉത്തരം പറഞ്ഞു. കുട്ടി കഴിച്ചു കഴിയുവോളം കഥപറച്ചിൽ തുടരുകയായിരുന്നു. കുഞ്ഞ് കൊണ്ടുവന്ന മുഴുവൻ ഭക്ഷണവും കഴിപ്പിച്ച് കുടിക്കാൻ വെള്ളവും നൽകിയാണു ടീച്ചർ കുഞ്ഞിനെ മാവിന് ചുവട്ടിലെ പടിയിൽ നിന്നും നിലത്തിറക്കിയത്.

ഈ സമയം, സ്‌കൂളിലെത്തിയ മറ്റൊരു കുട്ടിയുടെ മാതാവ് ഈ സ്‌നേഹനിമിഷങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. ‘ഒരു ടീച്ചറമ്മയുടെ സ്‌നേഹം’ എന്ന തലക്കെട്ടോടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതാണ് വൈറലാകുന്നത്.

Exit mobile version