തളിപ്പറമ്പിലെ ആസിഡ് ആക്രമണത്തിന് പിന്നിൽ യുവതിയുടെ മുൻ ഭർത്താവ്; സാമ്പത്തിക തർക്കം ക്രൂരമായ ആക്രമണത്തിന് കാരണമായെന്ന് പോലീസ്

കണ്ണൂർ: തളിപ്പറമ്പിൽ യുവതിക്ക് നേരെ പട്ടാപകലുണ്ടായ ആസിഡ് ആക്രമണത്തിന് പിന്നിൽ യുവതിയുടെ മുൻഭർത്താവെന്ന് പോലീസ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആസിഡ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം.

തളിപ്പറമ്പ് മുൻസിഫ് കോടതി ജീവനക്കാരി ഷാഹിദക്കു നേരെയാണ് ഇന്ന് വൈകുന്നേരം അഞ്ചോടെ ആക്രമണം ഉണ്ടായത്. ഷാഹിദക്ക് പുറമെ ഇവരുടെ അടുത്തുണ്ടായിരുന്ന മറ്റു രണ്ടു പേർക്കും ആസിഡ് വീണ് പൊളളലേറ്റിട്ടുണ്ട്. ഷാഹിദയുടെ പരിക്ക് ഗുരുതരമല്ല.

പ്രതിയായ അഷ്‌കർ തളിപ്പറമ്പ് സർ സയിദ് കോളേജിലെ ലാബ് ജീവനക്കാരനാണ്. ഇയാൾ കോളേജിലെ ലാബിൽ നിന്നും കൈക്കലാക്കിയ ആസിഡ് ഉപയോഗിച്ചാണ് ഷാഹിദക്ക് നേരെ ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

സംഭവത്തിൽ പ്രതിയായ കൂവേരി സ്വദേശി അഷ്‌കറിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തളിപ്പറമ്പ് മുൻസിഫ് കോടതിക്ക് അടുത്ത് വെച്ചായിരുന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റാന്റിലേക്ക് പോവുകയായിരു ഷാഹിദയ്ക്ക് നേരെ ആക്രമണമുണ്ടായത്.

ALSO READ- ബ്രഹ്‌മപുരത്തെയും പരിസരത്തെയും ജനങ്ങൾക്ക് സൗജന്യ വൈദ്യസഹായം എത്തിക്കുമെന്ന് മമ്മൂട്ടി; രാജഗിരി ആശുപത്രിയിലെ മെഡിക്കൽ സംഘം എത്തും

ന്യൂസ് കോർണർ ജംഗ്ഷനിൽ വെച്ച് അഷ്‌കർ കൈയിൽ കരുതിയിരുന്ന ആസിഡ് ഷാഹിദയുടെ ദേഹത്തൊഴിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ടു പേർക്കു ആസിഡ് വീണ് പൊള്ളലേറ്റു. ഷാഹിദ ബഹളം വെച്ചതോടെ നാട്ടുകാർ അഷ്‌കറിനെ പിടികൂടി പോലീസിലേൽപ്പിച്ചു. ഷാഹിദയേയും പരിക്കറ്റ മറ്റു രണ്ടു പേരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version