പരിശോധന ശക്തമായി തുടരുന്നു; ചെങ്ങന്നൂരില്‍ ഫോര്‍മലിന്‍ കലര്‍ന്ന 50 കിലോ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

ചെങ്ങന്നൂര്‍-മാവേലിക്കര സര്‍ക്കിളുകളില്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ കലര്‍ന്ന 50 കിലോ മത്സ്യം പിടിച്ചെടുത്തത്.

fish

പ്രതീകാത്മക ചിത്രം

ചെങ്ങന്നൂര്‍: കൊല്ലകടവ് കമ്മിഷന്‍ മാര്‍ക്കറ്റില്‍ നിന്ന് ഫോര്‍മലിന്‍ കലര്‍ന്ന 50 കിലോ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനത്തിലായിരുന്നു മത്സ്യം. ചെങ്ങന്നൂര്‍-മാവേലിക്കര സര്‍ക്കിളുകളില്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ കലര്‍ന്ന 50 കിലോ മത്സ്യം പിടിച്ചെടുത്തത്.

കൊല്ലകടവ് കമ്മിഷന്‍ മാര്‍ക്കറ്റിലും പുതിയകാവ് കല്ലുമല മാര്‍ക്കറ്റിലും പരിശോധന നടത്തി ചെങ്ങന്നൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ സി.ശരണ്യ, മാവേലിക്കര സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ശ്രീലക്ഷ്മി വാസവന്‍, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ എസ്.ദീപു എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണു പരിശോധന നടത്തിയത്.

അതേസമയം, കഴിഞ്ഞദിവസം ചമ്പക്കര മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. പരിശോധനയില്‍ 150 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പരിശോധനയ്ക്കെത്തിയത്.

അയല, ചൂര അടക്കമുള്ള മത്സ്യങ്ങളാണ് അധികവും പിടിച്ചെടുത്തത്. പഴകിയ നിലയിലാണ് ഇവ കണ്ടെത്തിയത്. 150 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ഐസ് ഇടാതെയാണ് ഇവ സൂക്ഷിച്ചിരുന്നത്. അതിനാലാണ് ഇവ ഇത്രപെട്ടെന്ന് പഴകിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച മത്സ്യത്തിന്റെ സാംപിളുകളും അധികൃതര്‍ ശേഖരിച്ചു.

അതേസമയം, ഒന്‍പത് സാംപിളുകളിലും ഭക്ഷ്യ യോഗ്യമല്ലാത്തവ കണ്ടെത്തിയിട്ടില്ല. ഇവയില്‍ ഫോമാര്‍മാലിന്‍, അമോണിയ രാസ പദാര്‍ത്ഥങ്ങളുടെ അംശങ്ങളും കണ്ടെത്തിയിട്ടില്ല. കൊച്ചിയില്‍ നിന്നു തന്നെ എത്തിച്ച ഐസ് ഇടാത്ത മത്സ്യങ്ങളാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. കടയുടമയില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കി.

Exit mobile version