ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞു കോടതി വളപ്പില്‍ നിന്ന് കടന്നുകളഞ്ഞു; കൊലക്കേസ് പ്രതിയെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി കേരളാപോലീസ്

ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ചായ്ക്കുളം ക്രൈസ്റ്റ് ഭവനില്‍ രാജേഷ്(40) ആണ് പോലീസിനെ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചത്.

തിരുവനന്തപുരം: ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞു, പോലീസുകാരുടെ കണ്ണുവെട്ടിച്ച് കോടതി വളപ്പില്‍ നിന്ന് കടന്നുകളഞ്ഞ കൊലക്കേസ് പ്രതിയെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി കേരളാപോലീസ്. ഇന്നലെ പത്തരയോടെ കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം.

വട്ടപ്പാറ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ചായ്ക്കുളം ക്രൈസ്റ്റ് ഭവനില്‍ രാജേഷ്(40) ആണ് പോലീസിനെ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചത്. ആദ്യ തവണ ജയില്‍ ചാടിയ കേസില്‍ വിചാരണയ്ക്ക് എത്തിക്കുമ്പോള്‍ ആണ് രണ്ടാം തവണയും ഇയാള്‍ ചാടിപ്പോകാന്‍ ശ്രമിച്ചത്.

ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട രാജേഷിനെ ഒപ്പമുണ്ടായിരുന്ന പോലീസുകാരില്‍ ഒരാള്‍ ഇതിനായി വിലങ്ങ് അഴിച്ചു കൊണ്ടു പോകുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ തള്ളിമാറ്റി രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒപ്പം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ രാജേഷിന് പിന്നാലെ പോയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് ഉടനെ വിവരം സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. പോലീസ് ഉദ്യോഗസ്ഥര്‍ സിസിടിവി ക്യാമറകളുടെ സഹായത്തോടെ പ്രതി പോയ വഴി കണ്ടെത്തി നടത്തിയ തിരച്ചിലില്‍ അഞ്ചുതെങ്ങിന്‍മൂടിന് സമീപം ഒരു വീടിനു പുറത്തുള്ള കുളിമുറിയില്‍ ഒളിച്ചിരുന്ന രാജേഷിനെ പിടികൂടുകയായിരുന്നു.

2012 മാര്‍ച്ച് ആറിന് ഓട്ടോ ഡ്രൈവറായിരുന്ന പ്രതി കല്ലറ സ്വദേശിനിയായ പത്താം ക്ലാസുകാരി വീട്ടില്‍ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കി വീട്ടിലെത്തി വാഹനം ശരിയാക്കാന്‍ സ്‌ക്രൂ ഡ്രൈവര്‍ ആവശ്യപ്പെടുകയും അത് എടുക്കാന്‍ പോയ പെണ്‍കുട്ടിയെ പിന്നാലെ എത്തി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി ആഭരണങ്ങളുമയി കടക്കുകയായിരുന്നു.

Exit mobile version