ഒരുപാട് ഹൃദയങ്ങളുടെ പ്രാര്‍ത്ഥന സഫലം: രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും സജീവമാകുമെന്ന് അഷ്റഫ് താമരശ്ശേരി

കോഴിക്കോട്: പ്രാര്‍ത്ഥകള്‍ സഫലം, അഷ്റഫ് താമരശ്ശേരി ആശുപത്രി വിട്ടു.
രണ്ടാഴ്ചത്തെ പൂര്‍ണ വിശ്രമത്തിന് ശേഷം സാമൂഹ്യ സേവനത്തില്‍ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു. മൈത്ര ഹോസ്പിറ്റലിലെ വിദഗ്ദ്ധ ചികിത്സയിലൂടെ നടുവേദനയില്‍ നിന്നും പൂര്‍ണ്ണ ആശ്വാസം ലഭിച്ചെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് അമ്മാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ പത്തു വര്‍ഷമെങ്കിലുമായി അഷ്റഫ് താമരശ്ശേരി വേദന സഹിക്കാന്‍ തുടങ്ങിയിട്ട്. മറ്റുള്ളവരുടെ വേദനകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ സ്വന്തം വേദനകള്‍ക്ക് ചെവി കൊടുക്കാതെ പരേതരുടെ പ്രിയപ്പെട്ടവന്‍ യാത്ര തിരിക്കും.. ഓരോ പരേതാത്മക്കളുടെയും ഭൗതിക ദേഹം പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാന്‍ പരക്കം പായുമ്പോള്‍ സ്വന്തം വേദനകള്‍ മറക്കും. പാതിരാവില്‍ വീട്ടില്‍ വന്നു ഇരിക്കുമ്പോള്‍, കിടക്കുമ്പോള്‍ വേദന കൊണ്ട് പുളയും. അവസാനം വേദന സംഹാരിയില്‍ അഭയം പ്രാപിക്കും.

ഇടക്ക് വേദന അസഹ്യമാകുമ്പോള്‍ ഗള്‍ഫിലെയും കേരളത്തിലെയും ആശുപത്രികളില്‍ അഡ്മിറ്റ് ആവും. തത്കാലം സുഖമാവും എങ്കിലും എപ്പോഴാണ് എവിടെ വെച്ചാണ് നില്‍ക്കാനും നടക്കാനും കഴിയാത്ത വേദന പിടികൂടുകയേന്നറിയില്ല.

ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും വിട്ടുമാറാതെ നിലനിന്ന വേദന പോയപ്പോള്‍ മുഖത്തു വിടര്‍ന്ന പുഞ്ചിരി നേരില്‍ കണ്ടു. ദൈവത്തിന് സ്തുതി. മൈത്ര ഹോസ്പിറ്റലിലെ വിദഗ്ദ്ധ ചികിത്സയിലൂടെ പൂര്‍ണ്ണ ആശ്വാസം ലഭിച്ചു..ഇത്തരം ഓപ്പറേഷന്‍ മൂലം ഉണ്ടാക്കാവുന്ന റിസ്‌ക്ക് ആയിരുന്നു ഓപ്പറേഷന്‍ നീട്ടി കൊണ്ട് പോവാന്‍ കാരണം. എന്നാല്‍ മെയ്ത്രയിലെ ഡോക്‌റ്റേഴ്‌സിന്റെ പൂര്‍ണ്ണ പിന്തുണയും ധൈര്യവും ദൈവാനുഗ്രഹവും ആയിരങ്ങളുടെ പ്രാര്‍ത്ഥനയും ഫലം കണ്ടു.

രണ്ടാഴ്ചത്തെ പൂര്‍ണ വിശ്രമത്തിന് ശേഷം സാമൂഹ്യ സേവനത്തില്‍ സജീവമാകും പ്രവാസികളുടെ സ്‌നേഹ സാന്ത്വനം. കെട്ടിപിടിച്ചു കവിളില്‍ മുത്തം തന്നു ഹോസ്പിറ്റലില്‍ നിന്ന് പടികള്‍ ഇറങ്ങുമ്പോള്‍ ആ മുഖത്ത് വിടര്‍ന്ന സന്തോഷം എന്നും നിലനില്‍ക്കട്ടെ .. സലീം നൂറിനും ബന്ധുക്കള്‍ക്കുമൊപ്പം ആശുപത്രിയില്‍ നിന്നും മടങ്ങുമ്പോള്‍ അവിടെ ഉണ്ടാവാന്‍ കഴിഞ്ഞത് ഭാഗ്യം….. അമ്മാര്‍ കിഴുപറമ്പ്,…..

Exit mobile version