എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം: ആശുപത്രിലാണെന്ന് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

കോഴിക്കോട്: പ്രവാസലോകത്ത് ജീവന്‍ പൊലിയുന്നവരുടെ അവസാനത്തെ അത്താണിയാണ് അഷ്‌റഫ് താമരശ്ശേരി. പ്രവാസിലോകത്ത് മരണപ്പെട്ടവരെ അന്ത്യവിശ്രമത്തിനായി വീട്ടുകാരുടെ അടുത്തേക്ക് എത്തിക്കാന്‍ നിസ്വാര്‍ഥ സേവനം ചെയ്യുകയാണ് അദ്ദേഹം. ഇപ്പോഴിതാ ആ കാരുണ്യ മനസ്സ് ആശുപത്രിയിലാണ്. അഷ്‌റഫ് തന്നെയാണ് ആശുപത്രിയിലാണെന്ന വിവരം പങ്കുവച്ചത്.

കോഴിക്കോടുള്ള മെയ്ത്ര ആശുപത്രിയില്‍ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയയായിരിക്കുകയാണ് അദ്ദേഹം. എല്ലാവരും ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം പറയുന്നു.

വര്‍ഷങ്ങളായി നടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നത്. നാളെയാകട്ടെ എന്ന് കരുതി നാളുകള്‍ തള്ളി നീക്കി. സത്യം പറഞ്ഞാല്‍ ഒരൊഴിവും കിട്ടാത്തത് കൊണ്ടാണ് ശരിയായ ചികിത്സ നീണ്ടു പോയത്. ചില പൊടിക്കൈകള്‍ ചെയ്ത് ദിവസങ്ങള്‍ തള്ളി നീക്കും. വേദന വര്‍ധിക്കുകയല്ലാതെ ഒരു കുറവും ഉണ്ടായില്ല. മറ്റുള്ളവര്‍ വന്ന് സഹായത്തിന് വിളിക്കുമ്പോള്‍ കഴിയുന്ന രീതിയില്‍ വേദന സഹിച്ചും ഇറങ്ങിത്തിരിക്കും. അല്‍പ്പ നേരം നില്‍ക്കുമ്പോഴേക്കും വേദന വന്ന് കയറും. ഇപ്പോള്‍ സഹിക്കാന്‍ കഴിയുന്നതില്‍ അപ്പുറമായി. പരിചയമുള്ള വിദഗ്ദരായ ഒരുപാട് ഡോക്ടര്‍മാരുമായി വിഷയം ചര്‍ച്ച ചെയ്തു.

അവസാനം ഓപറേഷനാണ് എല്ലാവരും നിര്‍ദേശിച്ചത്. അതിനായി മാനസികമായും ശാരീരികമായും തയ്യാറെടുത്തു. ഇപ്പോള്‍ കോഴിക്കോടുള്ള മെയ്ത്ര ആശുപത്രിയില്‍ അഡ്മിറ്റാണ്. (20/02/2023) തിങ്കളാഴ്ച്ച രാവിലെ ഓപ്പറേഷന്‍ നടക്കും(ഇന്ഷാ അല്ലാഹ് ). ഈ സര്‍ജറികൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാം തീരുമാനിക്കുന്നത് പടച്ച തമ്പുരാന്‍ മാത്രം. ഓപ്പറേഷന്‍ സുഗമമായി നടക്കാനും കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തനമേഖലയില്‍ സജീവമാകാനും നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Exit mobile version