വെളിച്ചെണ്ണ 3 രൂപ കൂട്ടി വിറ്റു: സൂപ്പര്‍മാര്‍ക്കറ്റ് ഉടമ 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കോട്ടയം: വെളിച്ചെണ്ണ 3 രൂപ കൂട്ടി വിറ്റു, ഉപഭോക്താവിന് സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ഉപഭോക്താവായ വിനോദിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.

ചങ്ങനാശ്ശേരിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റാണ് ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് യഥാര്‍ഥ വിലയേക്കാള്‍ മൂന്നുരൂപ കൂടുതല്‍ ഈടാക്കിയത്. 2021 സെപ്റ്റംബറിലാണ് വിനോദ് കെഎല്‍എഫിന്റെ ഒരു ലിറ്റര്‍ വെളിച്ചെണ്ണ ചങ്ങനാശ്ശേരി പാറേല്‍പ്പള്ളിയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയത്. എംആര്‍പിയായി 235 രൂപയാണ് വെളിച്ചെണ്ണ പാക്കറ്റില്‍ പ്രിന്റ് ചെയ്തിരുന്നത്. എന്നാല്‍ 238 രൂപ വിനോദില്‍ നിന്ന് ഈടാക്കിയെന്നാണ് പരാതി.

വിശദമായ തെളിവെടുപ്പിനുശേഷം അധികവില ഈടാക്കിയത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. പായ്ക്കറ്റില്‍ പ്രിന്റ് ചെയ്ത വിലയേക്കാള്‍ അധികമായി ഈടാക്കാന്‍ വ്യാപാരികള്‍ക്ക് അവകാശമില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. 2021 സെപ്റ്റംബര്‍ ഏഴുമുതലുള്ള ഒന്‍പതുശതമാനം പലിശ സഹിതം തിരികെ നല്‍കാനും നിയമനടപടികള്‍മൂലമുള്ള കഷ്ടനഷ്ടങ്ങള്‍ക്ക് 10,000 രൂപ നല്‍കാനുമാണ് അഡ്വ വി എസ് മനുലാല്‍ പ്രസിഡന്റും കെഎം ആന്റോ അംഗവുമായുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.

Exit mobile version