തൊണ്ടയില്‍ തയ്യല്‍ സൂചി കുടുങ്ങി; ഭക്ഷണം കഴിക്കാനാകാതെ വേദനകൊണ്ട് പുളഞ്ഞ വളര്‍ത്തുനായക്ക് ആശ്വാസമായി ഡോക്ടര്‍, പ്രത്യേക ഉപകരണമുപയോഗിച്ച് സൂചി പുറത്തെടുത്തു

കിളിമാനുര്‍ പോങ്ങനാട് സ്വദേശി സുകുമാരപിളളയുടെ വീട്ടിലെ പൊമേറിയന്‍ ഇനത്തില്‍പ്പെട്ട ഒന്നര വയസ്സുളള യൂക്കോ എന്ന നായയാണ് അബദ്ധത്തില്‍ തയ്യല്‍ സൂചി വിഴുങ്ങിയത്.

തിരുവനന്തപുരം: തൊണ്ടയില്‍ തയ്യല്‍ സൂചി കുടുങ്ങിയതിനെ തുടര്‍ന്ന് ഭക്ഷണം പോലും കഴിക്കാനാകാതെ വേദനകൊണ്ട് പുളഞ്ഞ വളര്‍ത്തുനായക്ക് ആശ്വാസമായി ഡോക്ടറുടെ ഇടപെടല്‍. അനസ്തേഷ്യ നല്‍കിയശേഷം പ്രത്യേക ഉപകരണമുപയോഗിച്ച് സൂചി പുറത്തെടുത്തു.

കിളിമാനുര്‍ പോങ്ങനാട് സ്വദേശി സുകുമാരപിളളയുടെ വീട്ടിലെ പൊമേറിയന്‍ ഇനത്തില്‍പ്പെട്ട ഒന്നര വയസ്സുളള യൂക്കോ എന്ന നായയാണ് അബദ്ധത്തില്‍ തയ്യല്‍ സൂചി വിഴുങ്ങിയത്. തൊണ്ടക്കുളളില്‍ തറച്ചിരുന്ന തയ്യല്‍ സൂചി കാരണം ആഹാരം കഴിക്കാന്‍ നായ തയ്യാറാകാതെ വന്നതിന് പിന്നാലെയാണ് വീട്ടുകാര്‍ സംഭവം ശ്രദ്ധിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതലാണ് നായ അസ്വസ്ഥത പ്രകടിപ്പിച്ചത്. പാലും മറ്റ് ആഹാരങ്ങളും വേദന കൊണ്ട് കഴിക്കാന്‍ കഴിയാതെ മാറിയിരിക്കുകയാണ് യൂക്കോ. അവശനായ നായ രണ്ടു ദിവസം ആയിട്ടും ഭക്ഷണം കഴിക്കാതെ വന്നതോടെ വീട്ടുകാര്‍ വിദഗ്ധരുടെ സേവനം തേടുകയായിരുന്നു.

ആദ്യം കിളിമാനുരീലെ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടി. എന്നാല്‍ നായയുടെ നിലയില്‍ മാറ്റമുണ്ടായില്ല. ഇതിന് പിന്നാലെയാണ് പിഎംജിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിക്കാന്‍ അവിടത്തെ ഡോക്ടര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് സുകുമാരപിളളയും മകള്‍ ലക്ഷ്മിയും ചേര്‍ന്ന് യൂക്കോയെ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ച്ചയായി ഛര്‍ദിക്കുന്നതിനെ തുടര്‍ന്ന് വെറ്റിനറി സര്‍ജന്‍ ഡോ. എകെ അഭിലാഷ് നായക്ക് പ്രത്യേക ഇന്‍ജക്ഷന്‍ നല്‍കി. ശേഷം ടെക്നീഷ്യന്‍ ചിത്ര, സഹായി അഖില്‍ എന്നിവരുടെ നേത്യത്വത്തില്‍ നായയെ ഉയര്‍ത്തി എക്സേറ എടുത്തു. ചൂണ്ടുവിരല്‍ നീളത്തിലുളള തയ്യല്‍ സൂചി തൊണ്ടയില്‍ തറച്ചിരിക്കുന്നതായി എക്സ്റേയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് നായയ്ക്ക് അനസ്തേഷ്യ നല്‍കിയശേഷം പ്രത്യേക ഉപകരണമുപയോഗിച്ച് സൂചി പുറത്തെടുത്തു. സുകുമാരപിളളയുടെ ഭാര്യ സ്മിത വീട്ടില്‍ തുണി തയ്ക്കുന്നുണ്ട്. ഏതെങ്കിലും വിധത്തില്‍ തറയില്‍ വീണ സൂചി അബദ്ധത്തില്‍ നായയുടെ ഉളളില്‍ പോയിരിക്കാമെന്നാണ് കരുതുന്നത്. സൂചി പുറത്തെടുത്തതിന് പിന്നാലെ വൈകിട്ടോടെ നായ ആഹാരം കഴിക്കാന്‍ തുടങ്ങിയെന്ന് ഉടമ സുകുമാരപിളള അറിയിച്ചു.

Exit mobile version