‘മുത്തശ്ശിയും പൊന്നുചേച്ചിയും ഇല്ലാതെ ഞാന്‍ വരില്ല’; അമ്മിണിയുടെ കൈയ്യില്‍ നിന്നും അമയ കുതറി ഓടിയത് മരണക്കയത്തിലേക്ക്; തീരാനോവില്‍ അടിമാലി

അടിമാലി: സ്‌കൂൾവിട്ട് വന്ന് പാറക്കുളത്തിൽ കുളിക്കാൻ പോയ അമയയും അന്ന സാറയും കൂടെ പോയ മുത്തശ്ശിയും ഇനിയില്ലെന്ന് വിശ്വസിക്കാനാകാതെ കുടുംബവും നാട്ടുകാരും.

വീടിന് സമീപത്തെ പാറക്കയത്തിൽ തുണി അലക്കാൻ പോയ മുത്തശ്ശിയും കൂടെയുണ്ടായിരുന്ന രണ്ട് പേരക്കുട്ടികളുമാണ് ബുധനാഴ്ച വൈകീട്ട് നാലരയോടെ മുങ്ങി മരിച്ചത്. പണിക്കൻകുടി കൊമ്പിടിഞ്ഞാൽ ചിറയിപറമ്പിൽ ബിനോയിയുടേയും ജാസ്മിയുടേയും മക്കളായ അന്ന സാറ ബിനോയി (11), സഹോദരി അമയ (9), ഇവരുടെ മുത്തശ്ശി എൽസമ്മ (50) എന്നിവരാണ് മരിച്ചത്. കൊമ്പിടിഞ്ഞാൽ ഇണ്ടികുഴിയിൽ പരേതനായ ജോസിന്റെ ഭാര്യയാണ് മരിച്ച എൽസമ്മ.

സ്‌കൂൾവിട്ട് വന്ന അന്ന സാറയും അനിയത്തി അമയയും അമ്മയുടെ അമ്മയായ എൽസമ്മയ്ക്ക് ഒപ്പം ഉപേക്ഷിക്കപ്പെട്ട പറമടയിലെ കയത്തിൽ തുണി അലക്കാൻ പോയപ്പോഴായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.

മുത്തശ്ശി എൽസമ്മക്കും പൊന്നു ചേച്ചിക്കും (അന്ന സാറ-10) ഒപ്പമാണ് ബുധനാഴ്ച വൈകീട്ട് നാലരയോടെ അമയ (ഒൻപത്) പണിക്കൻകുടിക്ക് സമീപം കൊമ്പിടിഞ്ഞാലിലെ പാറമടക്കയത്തിലേക്ക് പോയത്. തുണി അലക്കാനായി മുത്തശ്ശി ഇറങ്ങിയപ്പോൾ കുഞ്ഞുങ്ങലും കൂടെ പോവുകയായിരുന്നു. അയൽവാസിയായ കുമ്പളവയലിൽ അമ്മിണിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

ആദ്യം പാറക്കുളത്തിലേക്ക് കാലുതെന്നി വീണത് അന്ന സാറയായിരുന്നു. അന്നയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ എൽസമ്മയും വെള്ളക്കെട്ടിൽ അകപ്പെട്ടു. ഈ സമയത്ത് കരയിലായിരുന്നു അമയ. എന്നാൽ മുത്തശ്ശിയും പൊന്നുച്ചേച്ചി മുങ്ങിത്താഴുന്നത് കണ്ടുനിൽക്കാൻ അനിയത്തിക്കുട്ടിക്ക് കഴിഞ്ഞില്ല. സഹായത്തിനായി നിലവിളിച്ചോടിയ അയൽക്കാരിയായ അമ്മിണിയുടെ കൈയിൽനിന്ന് കുതറിമാറി അവളും മരണക്കയത്തിലേക്ക് ഓടിയിറങ്ങുകയായിരുന്നു.

ഇതോടെ അപകടത്തിൽ രണ്ട് കുഞ്ഞുങ്ങളുടേതടക്കം മൂന്നുപേരുടെ ജീവൻ നഷ്ടമാവുകയായിരുന്നു. അന്ന വല്യമ്മക്കും അമ്മിണിക്കും വെള്ളം ബക്കറ്റിൽ എത്തിക്കുന്നതിനിടെയാണ് കാൽവഴുതി പാറക്കയത്തിലേക്ക് വീണത്.

രക്ഷിക്കാൻ സമീപത്ത് ആരേയും കാണാതെ വന്നതോടെ നാട്ടുകാരോട് സഹായം അഭ്യർഥിക്കാൻ അമയയേയും കൊണ്ട് റോഡിലേക്ക് ഓടി. ചേച്ചിയും വല്യമ്മയും ഇല്ലാതെ ഞാൻ വരില്ലെന്ന് അമയ നിർബന്ധം പിടിച്ചു. എന്നിട്ടും അമ്മിണി കുട്ടിയെ വലിച്ചുകൊണ്ട് കുറച്ച് ദൂരം ഓടി. എന്നാൽ, തന്റെ കൈയിൽനിന്ന് കുതറിമാറി അമയ പാറ ക്വാറിയിലേക്ക് ഓടി പോകുകയായിരുന്നു അമ്മിണി കണ്ണീരോടെ പറയുന്നു.

Exit mobile version