വനിതാമതിലില്‍ പങ്കെടുത്തതിന് ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ വീട്ടിലേക്ക് യൂത്ത്‌കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ച് സമരാഭാസം; പ്രതിഷേധമറിയിച്ച് ഡിവൈഎഫ്‌ഐ

തൃശ്ശൂര്‍ : സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നവോത്ഥാന വനിതാമതില്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും വനിത മതിലില്‍ അണിചേരുകയും ചെയ്തു എന്നതിനാല്‍ ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ വസതിയിലേക്ക് യൂത്ത്‌കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ച് അങ്ങേയറ്റം പ്രതിഷേധാര്‍ഹും അപലപനീയവുമായ നടപ്പടിയാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

ജനസ്വാധീനം നഷ്ടപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ്സിന് ജനാധിപത്യ ബോധവും ഇല്ലാതായതിന്റെ തെളിവാണ് ഒരു ഗവര്‍മെന്റ് ഉദ്യോഗസ്ഥ ഭരണഘടനപരമായ തന്റെ കര്‍ത്തവ്യ നിര്‍വ്വഹണം നടത്തിയതിനെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിലൂടെ വെളിപ്പെടുന്നത്. അനുപമ ഐഎഎസ് എന്ന വിദ്യാസമ്പന്നയായ സ്ത്രീയുടെ വ്യക്തിപരമായ സ്വാതാന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നടപടി കൂടിയാണിത്. വനിത മതിലിന്റ വമ്പിച്ച വിജയവും അത് മുന്നോട്ട് വച്ച മുദ്രാവാക്യങ്ങളുടെ സ്വീകാര്യതയും യൂത്ത്‌കോണ്‍ഗ്രസ്സിന് സമ്മാനിച്ച നിരാശയില്‍ നിന്നാണ് ഇത്തരം നടപ്പടികള്‍ ഉണ്ടാവുന്നതെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

നവോത്ഥന മൂല്യങ്ങളെ തള്ളിക്കളഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനമിപ്പോള്‍ ആര്‍എസ്എസിനെ പോല്‍ സവര്‍ണ്ണ മാടമ്പിത്ത പ്രത്യയശാസ്ത്രത്തിന്റെ കാവാലാളായി മാറുന്നത് അത്യധികം ലജ്ജാകരമാണ്. കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായി രേഖപ്പെടുത്തിയ വനിതാ മതിലില്‍ അണിനിരന്നതിന്റെ ഭാഗമായി ആരെയെങ്കിലും ഒറ്റക്കോ കൂട്ടായോ ഉപദ്രവിക്കാന്‍ തയ്യാറായാല്‍ എന്തുവിലകൊടുത്തും ഡിവൈഎഫ്‌ഐ ചെറുക്കുമെന്നും അത്തരം ആക്രമണങ്ങക്കിരയാവുന്നവരെ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റിയ്ക്കു വേണ്ടി സെക്രട്ടറി പിബി അനൂപ് പ്രസ്താവനയിലൂടെ അറിയിച്ചു.

Exit mobile version