ശബരിമല കയറാന്‍ ശ്രമിച്ചതിനാല്‍ ഇപ്പോഴും ബസുകളില്‍ കയറ്റുന്നില്ല: ഒടുവിലത്തെ ലിസ്റ്റിലേക്ക് ഒരു ബസുകൂടി; ബിന്ദു അമ്മിണി

കോഴിക്കോട്: ശബരിമലയില്‍ കയറിയ കാരണത്താല്‍ തന്നെ ബസുകളില്‍ കയറ്റുന്നില്ലെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഏറ്റവും ഒടുവില്‍ തന്നെ കയറ്റാത്ത ബസുകളുടെ ലിസ്റ്റിലേയ്ക്ക് കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ലിമിറ്റഡ് സ്റ്റോപ്പ് ബസു കൂടി എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

കോഴിക്കോട് പൊയില്‍കാവ് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു യാത്രക്കാരി കൈകാണിക്കുകയും ബസ് നിര്‍ത്തുകയും ചെയ്തു. എന്നാല്‍, താന്‍ കയറാനായി നോക്കുമ്പോള്‍ ബസ് മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് അവര്‍ തന്റെ കുറിപ്പില്‍ പറയുന്നു.

പിന്നെ ഇങ്ങനെയുള്ള അനീതിക്ക് എതിരെ കോടതിയിലേയ്ക്ക് പോകണം എന്ന് പറയുന്നവരോട്, ഇങ്ങനെയെങ്കില്‍ എല്ലാ ദിവസങ്ങളിലും എന്റെ കേസിനായി കോടതിയില്‍ പോകേണ്ടി വരുമെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടുന്നു.

എന്റെ ഒപ്പം ഉണ്ടായിരുന്ന പോലീസുകാരില്‍ ഒരാളെ അറിയുന്ന ഡ്രൈവര്‍ ആയിരുന്നു. അവര്‍ അത് പറയുകയും ചെയ്തു. അവരെ കണ്ടിട്ട് കൂടി ആയിരിക്കാം ബസ് നിര്‍ത്തിയത്. അപ്പോള്‍ ഞാന്‍ അവരോടു പറഞ്ഞു നിങ്ങളെ അറിയുന്നതിനെക്കാള്‍ കൂടുതല്‍ ആണ് അവര്‍ക്കു എന്നോട് ഉള്ള ശത്രുത.

എല്ലാ ദിവസങ്ങളിലും എന്റെ കേസിനായി കോടതിയില്‍ പോകേണ്ടതായി വന്നേക്കാം. അതിന് അനുകൂലമായ സാഹചര്യങ്ങളിലൂടെ അല്ല ഞാന്‍ കടന്നു പോകുന്നത് എന്നും ബിന്ദു അമ്മണി വിശദീകരിക്കുന്നു.

Exit mobile version