ക്യാംപസില്‍ പരസ്യമായ സ്നേഹ ചേഷ്ടകള്‍ വേണ്ട: കോഴിക്കോട് എന്‍ഐടി ഉത്തരവ് വിവാദത്തില്‍

കോഴിക്കോട്: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എന്‍ഐടി)യുടെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സര്‍ക്കുലര്‍ വിവാദത്തില്‍. ക്യാംപസില്‍ പരസ്യമായ സ്നേഹ ചേഷ്ടകള്‍ നിരോധിച്ചുകൊണ്ടാണ് സര്‍ക്കുലര്‍. മറ്റുളളവര്‍ക്ക് അലോസരമുണ്ടാക്കുന്ന സ്നേഹചേഷ്ടകള്‍ ക്യാംപസില്‍ പാടില്ലെന്നറിയിച്ച് ക്യാംപസ് സറ്റുഡന്റ്സ് ഡീന്‍ കെ രജനീകാന്താണ് സര്‍ക്കുലര്‍ ഇറക്കിയത്. നിര്‍ദേശം ലംഘിക്കുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

‘ക്യാമ്പസിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും അലോസരമുണ്ടാക്കുന്നതും ക്യാമ്പസില്‍ സൗഹൃദാന്തരീക്ഷത്തിന് കോട്ടം തട്ടുന്നതുമായ അത്തരം സ്വകാര്യ പ്രവര്‍ത്തനങ്ങള്‍ പാടില്ല. അവ സ്ഥാപനത്തിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണ്. പുതിയ കാര്യങ്ങള്‍ കണ്ടെത്താനും വ്യക്തിപരമായ വളര്‍ച്ചയ്ക്കും ക്യാംപസ് കാലഘട്ടം വഴിയൊരുക്കുമെന്നത് ശരിയാണ്.

എന്നാല്‍ അക്കാദമിക് സ്ഥലങ്ങളിലും റെസ്റ്റ് റൂമുകളിലും വെളിച്ചം കുറവുളള സ്ഥലങ്ങളിലും കണ്ടുവരുന്ന പരസ്യമായ സ്നേഹ ചേഷ്ടകളും സ്വകാര്യ പ്രവര്‍ത്തികളും ഉചിതമല്ല. അത് പരസ്പര സമ്മതത്തോടെയുളളതാണെങ്കില്‍ പോലും’, എന്നാണ് വിചിത്രമായ സര്‍ക്കുലര്‍.

സ്ഥാപനം തുടര്‍ന്നുവരുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും മറ്റുളളവരുടെ സ്വകാര്യതെയും വ്യക്തിത്വത്തെയും മാനിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ക്യാമ്പസിന് പുറത്ത് നിന്നും മറ്റും വിദ്യാര്‍ഥികളുടെ പെരുമാറ്റത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

Exit mobile version