ജോഷിമഠിൽ ജനങ്ങളെ സഹായിക്കാനെത്തി; മടക്ക യാത്രയിൽ മലയാളി വൈദികൻ മരിച്ചു, വിയോഗം കാർ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ

ന്യൂഡൽഹി: ജോഷിമഠിൽ റേഷൻ വിതരണവും മറ്റും നടത്തി സഹായം ചെയ്ത മലയാളി വൈദികൻ മടക്ക യാത്രയിലുണ്ടായ അപകടത്തിൽ മരിച്ചു. ബിജ്നോർ രൂപതാംഗവും കോഴിക്കോട്ട് ചക്കിട്ടപാറ സ്വദേശിയുമായ ഫാ. മെൽവിൻ പള്ളിത്താഴത്ത് ആണ് മരിച്ചത്. 31 വയസായിരുന്നു. കാർ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മെൽവിൻ മരിച്ചത്.

ജോഷിമഠിൽ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ വിതരണം ചെയ്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടസമയത്ത് മെൽവിനൊപ്പം രണ്ട് വൈദികരും കാറിലുണ്ടായിരുന്നു. റോഡിലെ മഞ്ഞിൽ തെന്നിയ കാർ പിന്നിലേക്ക് പോകുകയായിരുന്നു.

ഉടൻതന്നെ രണ്ട് വൈദികർ പുറത്തിറങ്ങി ടയറിന് താഴെ കല്ലുകൾ ഇട്ട് വാഹനം തടയാൻ ശ്രമം നടത്തി. പക്ഷേ, കാർ അപ്പോഴേയ്ക്കും 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് രക്ഷാപ്രവർത്തകർ മെൽവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ഋഷികേശിലെ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version