ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരം കളഞ്ഞുകിട്ടി; വിറ്റ് കാശാക്കിയില്ല, ഉടമയെ കണ്ടെത്തി തിരികെ നല്‍കി ജ്വല്ലറി ജീവനക്കാരന്‍ മാതൃകയായി

കഴിഞ്ഞ ദിവസം കുട്ടംപേരൂര്‍ കൊറ്റാര്‍കാവ് ദേവീക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അരുണാചലത്തിന് സ്വര്‍ണ്ണ മോതിരം റോഡില്‍ കിടന്ന് കളഞ്ഞു കിട്ടിയത്.

മാന്നാര്‍: ക്ഷേത്ര പരിസരത്തു നിന്ന് കളഞ്ഞു കിട്ടിയ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരം ഉടമയെ കണ്ടെത്തി തിരികെ നല്‍കി ജ്വല്ലറി ജീവനക്കാരന്‍. മാന്നാര്‍ പുളിമൂട്ടില്‍ ജുവലറി ജീവനക്കാരനായ മാന്നാര്‍ കുരട്ടിക്കാട് കുളത്തിന്റെ കിഴക്കേതില്‍ അരുണാചലം (68)ആണ് അന്യന്റെ മുതല്‍ ആഗ്രഹിക്കാതെ സമൂഹത്തിന് മാതൃകയായി മാറിയത്.

കഴിഞ്ഞ ദിവസം കുട്ടംപേരൂര്‍ കൊറ്റാര്‍കാവ് ദേവീക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അരുണാചലത്തിന് സ്വര്‍ണ്ണ മോതിരം റോഡില്‍ കിടന്ന് കളഞ്ഞു കിട്ടിയത്. ഉടന്‍ തന്നെ മകനുമായി മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ എത്തി മോതിരം സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ മോതിരം കളഞ്ഞു കിട്ടിയ വിവരം അറിഞ്ഞ മോതിരത്തിന്റെ ഉടമ മാന്നാര്‍ ഇരമത്തൂര്‍ മിഥുന്‍ നിവാസില്‍ മധു മാന്നാര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു.

തുടര്‍ന്ന് മോതിരത്തിന്റെ ഉടമ വന്ന കാര്യം സ്റ്റേഷനില്‍ നിന്ന് അരുണാചലത്തിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും, അരുണാചലം എത്തി മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ സാന്നിധ്യത്തില്‍ മോതിരം മധുവിന് കൈമാറുകയും ചെയ്തു.

Exit mobile version