ആറന്മുള സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ചു; സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍

പീഡനത്തിന് കേസെടുത്തതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പത്തനംതിട്ട: ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച് അപമാനിച്ചുവെന്ന കേസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവ്ഖാന്‍ അറസ്റ്റില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇയാള്‍ ഇന്നലെ വൈകിട്ട് ആറന്മുള പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പീഡനത്തിന് കേസെടുത്തതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഡിസംബര്‍ 15 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ സ്റ്റേഷന്റെ അടുക്കളയില്‍ വച്ച് സജീവ് ഖാന്‍ കടന്നു പിടിച്ചുവെന്നാണ് പരാതി. യുവതി ഇക്കാര്യം സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം നടന്നു. വിവരം അറിഞ്ഞ പത്തനംതിട്ട ഡിവൈ.എസ്പി യുവതിയെ കൗണ്‍സലിങ്ങിന് അയച്ചു. തുടര്‍ന്നാണ് യുവതി നടന്ന സംഭവങ്ങള്‍ പറഞ്ഞത്.

Exit mobile version