പഴകിയ ഭക്ഷണം എങ്ങനെ തിരിച്ചറിയാം; പുറത്ത് പോയി ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണം കോരിയെടുക്കുമ്പോള്‍ അതില്‍ വലപോലെ കാണുന്നെങ്കില്‍ അത് പഴകിയതായിരിക്കും

food

കാസര്‍കോട് കുഴിമന്തി കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തില്‍ നമ്മുടെ ആരോഗ്യത്തിനായി നമുക്കും കരുതലോടെ ഭക്ഷണം കഴിക്കാം.

പുറത്തുപോയി ഭക്ഷണം കഴിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*ഭക്ഷണം പഴകിയതാണോയെന്ന് മണത്തിലൂടെ തിരിച്ചറിയാം. പഴകിയ ഭക്ഷണത്തിന് പ്രത്യേകമായ മണമുണ്ടായിരിക്കും
*ഭക്ഷണം കോരിയെടുക്കുമ്പോള്‍ അതില്‍ വലപോലെ കാണുന്നെങ്കില്‍ അത് പഴകിയതായിരിക്കും
*കഴിക്കുമ്പോള്‍ രുചി വ്യത്യാസം അനുഭവപ്പെടുകയാണെങ്കില്‍ ജീവനക്കാരെ വിളിച്ച് കാര്യം തിരക്കാം.

ഭക്ഷണം കഴിക്കാന്‍ ഹോട്ടല്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

*വളരെ വിലക്കുറച്ച് ഭക്ഷണം നല്‍കുന്ന ഹോട്ടല്‍ തേടിപോകാതിരിക്കുക, സര്‍ക്കാര്‍ പിന്തുണയുള്ള കുടുംബശ്രീ പോലുള്ള ജനകീയ ഹോട്ടലുകളാണെങ്കില്‍ തിരഞ്ഞെടുക്കാം
*തിരക്ക് കൂടിയ ഹോട്ടലുകള്‍ തിരഞ്ഞടുക്കാം. ഇത്തരം ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വിളമ്പാനുള്ള സാദ്ധ്യത കുറവായിരിക്കും
*ചൈനീസ്, അറേബ്യന്‍ തുടങ്ങിയ വിദേശ ഭക്ഷണങ്ങള്‍ ഹോട്ടലുകളില്‍ നിന്ന് കഴിക്കുന്നത് കഴിവതും ഒഴിവാക്കുക
*അമിതമായി കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക
*പതിവായി ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കാം
*വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പഴകിയതാണെങ്കില്‍ തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. അതില്‍ ഇവ കഴിവതും ഒഴിവാക്കാം
*പരിചയമില്ലാത്ത സ്ഥലത്തെ ഹോട്ടല്‍ ഭക്ഷണം കഴിക്കുമ്പോള്‍ നോണ്‍-വെജ് വിഭവങ്ങള്‍ ഒഴിവാക്കാം
*മൈദ കലര്‍ന്ന ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാതിരിക്കാം
*ഹോട്ടല്‍ ഭക്ഷണം പഴകിയതോ മായം ചേര്‍ത്തതോ ആണെന്ന് സംശയം തോന്നുന്ന സാഹചര്യങ്ങളില്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാരെ വിവരം അറിയിക്കണം. പരാതികള്‍ ഫോണ്‍ വിളിച്ചോ എഴുതിയോ നല്‍കാം. പരാതി ലഭിക്കുന്ന ഹോട്ടലുകളില്‍ ഉടന്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കുന്നു.

ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പരോ ഓരോ സര്‍ക്കിളിലെയും ഫുഡ് സേഫ്റ്റി ഓഫീസറുടെ ഔദ്യോഗിക നമ്പരോ പ്രദര്‍ശിപ്പിക്കണമെന്നാണ് വ്യവസ്ഥ. ഭക്ഷണത്തില്‍ മുടിയോ പല്ലിയോ പാറ്റയോ കാണപ്പെടുകയോ പഴകിയ ഭക്ഷണമാണെന്ന് തോന്നുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ വിവരം ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയോ പ്രദേശത്തെ ആരോഗ്യ വിഭാഗത്തെയോ പോലീസിനെയോ അറിയിക്കാനും ഭക്ഷണം പരിശോധനയ്ക്കായി അവര്‍ക്ക് കൈമാറാനും കഴിയും. ടോള്‍ ഫ്രീ നമ്പര്‍- 1800 425 1125. തിരുവനന്തപുരം-0471 2322833, 2322844

Exit mobile version