മലബാര്‍ ഭാഷയിലെ കമന്ററി മനംകവര്‍ന്നു! ഫുട്‌ബോള്‍ ആരാധകന് വീടൊരുക്കി യുഎഇയിലെ പ്രവാസി മലയാളി

ഇത്തവണ അഫി അഹ്‌മദ് നാട്ടിലെത്തിയപ്പോള്‍ വീടിന്റെ കുറ്റിയടിക്കലും കഴിഞ്ഞാണ് മടങ്ങിയത്. നിര്‍മ്മാണത്തിനാവശ്യമായ ആദ്യ ഗഡു നാലുലക്ഷം രൂപ അഫി അഹ്‌മദ് കഴിഞ്ഞ ദിവസം കൈമാറി.

ദുബായ്: ലോകകപ്പ് ഫുട്ബാള്‍ സമയത്ത് മത്സരങ്ങള്‍ നിരീക്ഷിച്ച് മലബാര്‍ ഭാഷയില്‍ കളിപറഞ്ഞ് വൈറലായ അര്‍ജന്റീനന്‍ ആരാധകന്‍ സുബൈറിന് വീടൊരുക്കി യുഎഇയിലെ പ്രവാസി മലയാളി. വാഴക്കാട് തടായി വീട്ടില്‍ സുബൈര്‍ വാഴക്കാടിനാണ് ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ട്രാവല്‍ ഏജന്‍സിയായ സ്മാര്‍ട്ട് ട്രാവല്‍ എംഡി അഫി അഹ്‌മദ് വീട് നിര്‍മിച്ച് നല്‍കുന്നത്.

മലബാര്‍ ഭാഷയില്‍ കളിപറയുന്ന അര്‍ജന്റീനന്‍ ആരാധകനായ സുബൈറിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാടിനെ മുഴുവന്‍ സന്തോഷിപ്പിക്കുമ്പോഴും സുരക്ഷിതമായ വീടില്ലെന്ന സുബൈറിന്റെ ദുഃഖത്തിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. നിലവിലെ പഴക്കം ചെന്ന വീട്ടിലായിരുന്നു സുബൈറിന്റെ താമസം.

ഫുട്ബാള്‍ പ്രേമികളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെയാണ് വീട് നിര്‍മാണം. എട്ടുലക്ഷം രൂപയാണ് വീടിന് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടു കിടപ്പുമുറികളുണ്ടാവും. ഇത്തവണ അഫി അഹ്‌മദ് നാട്ടിലെത്തിയപ്പോള്‍ വീടിന്റെ കുറ്റിയടിക്കലും കഴിഞ്ഞാണ് മടങ്ങിയത്. നിര്‍മ്മാണത്തിനാവശ്യമായ ആദ്യ ഗഡു നാലുലക്ഷം രൂപ അഫി അഹ്‌മദ് കഴിഞ്ഞ ദിവസം കൈമാറി.

ഒരാളുടെ സ്വപ്നം സഫലമാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അഫി പറഞ്ഞു. അതേസമയം, ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ സൗദിയോട് അര്‍ജന്റീന പരാജയപ്പെട്ടപ്പോള്‍ നിറകണ്ണുകളുമായി നിന്ന നിബ്രാസിനെ ഖത്തറിലെത്തിച്ച് കളി കാണാന്‍ അവസരമൊരുക്കിയതും അഫി ആയിരുന്നു.

Exit mobile version