ഇന്ദ്രൻസ് കലാകേരളത്തിന്റെ അഭിമാനമെന്ന് മന്ത്രി വാസവൻ; മന്ത്രിയുടെ അറിവ് വിസ്മയിപ്പിച്ചുവെന്ന് താരവും, വിവാദ പ്രസ്താവനയ്ക്ക് ശേഷമൊരു കൂടികാഴ്ച

പാമ്പാടി: വിവാദ പ്രസ്താവനയ്ക്ക് ശേഷം പരസ്പരം കണ്ടുമുട്ടി മന്ത്രി വി എൻ വാസവനും നടൻ ഇന്ദ്രൻസും. കഴിഞ്ഞ ദിവസം സ്‌കൂളിൽ മന്ത്രിയാണ് ആദ്യമെത്തിയത്. അൽപം വൈകിയതിനു ക്ഷമാപണം പറഞ്ഞായിരുന്നു ഇന്ദ്രൻസിന്റെ വരവ്. നടനെ ആലിംഗനം ചെയ്താണു മന്ത്രി സ്വീകരിച്ചത്.

‘എനിക്ക് മന്ത്രിയോട് ഒരു പിണക്കവുമില്ല’ എന്ന് ഇന്ദ്രൻസ് പറഞ്ഞതോടെ എല്ലാവരിലും ചിരി നിറഞ്ഞു. കുറച്ചു മുൻപേ ജനിച്ചവർ ആയതുകൊണ്ടു പുതിയ തലമുറയെപ്പോലെ സൂക്ഷിച്ചു സംസാരിക്കാൻ ചിലപ്പോൾ സാധിച്ചെന്നു വരില്ലെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

കലാകേരളത്തിന്റെ അഭിമാനമാണ് ഇന്ദ്രൻസ് എന്ന് മന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളിലുമുള്ള മന്ത്രിയുടെ അറിവ് വിസ്മയിപ്പിച്ചിട്ടുണ്ടെന്ന് ഇന്ദ്രൻസും കൂട്ടിച്ചേർത്തു. വിമലാംബിക സീനിയർ സെക്കൻഡറി സ്‌കൂൾ വാർഷികത്തിനാണ് ഇരുവരും വേദി പങ്കിട്ടത്.

കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയെ ഇന്ദ്രൻസിനോട് ഉപമിച്ച് നിയമസഭയിൽ മന്ത്രി നടത്തിയ പരാമർശം ആണ് വിവാദത്തിൽ കലാശിച്ചത്. ബോഡി ഷെയ്മിങ് നടത്തിയെന്നയിരുന്നു ഉയർന്ന വിമർശനങ്ങൾ. സംഭവത്തിൽ തനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല എന്ന് അറിയിച്ച് ഇന്ദ്രൻസും രംഗത്ത് വന്നിരുന്നു.

Exit mobile version