‘ചലനശേഷി ഇല്ലാത്ത മകനെ കുട്ടികള്‍ കളിയാക്കുന്നു’: മന്ത്രിയ്ക്ക് മുന്നില്‍ കണ്ണീരോടെ അമ്മ; ശ്രീഹരിയ്ക്ക് സഹായം ഉറപ്പാക്കി വിഎന്‍ വാസവന്‍

കോട്ടയം: ചലനശേഷി നഷ്ടമായ മകനെ സ്‌കൂളില്‍ കുട്ടികള്‍ കളിയാക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ മന്ത്രിയ്ക്ക് മുന്നില്‍. മന്ത്രി വിഎന്‍ വാസവനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കാലിന് ചലനശേഷി നഷ്ട്ടപ്പെട്ട മകന്‍ ശ്രീഹരിയ്ക്ക് സ്‌കൂളില്‍ കൂട്ടുകാരുടെ കളിയാക്കലുകള്‍ നിരന്തരമായി നേരിടേണ്ടി വരുന്നു ആരും തണലാകുന്നില്ല എന്ന പരാതിയുമായാണ് വീട്ടമ്മ കോട്ടയത്തെ താലൂക്ക് അദാലത്തില്‍ പങ്കെടുത്തത്.

ഇക്കാര്യം പറയുന്നതിനിടെ വീട്ടമ്മ പൊട്ടിക്കരഞ്ഞതായും മന്ത്രി പറഞ്ഞു. ആ അമ്മയെയും മകനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ താന്‍ വല്ലാതായെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇന്നലെ കോട്ടയത്തെ താലൂക്ക് അദാലത്ത് അവസാനിച്ചപ്പോള്‍ മനസില്‍ നിന്ന് മായാത്ത ചിത്രം ശ്രീഹരിയുടേയും അമ്മയുടേതുമാണ്. വൈകല്യത്തിന്റെ പേരില്‍ സഹപാഠികള്‍ കളിയാക്കുന്നതിനാല്‍ മകന്‍ സ്‌കൂളില്‍ പോകാന്‍ കൂട്ടാക്കുന്നില്ലെന്ന പരാതിയുമായിട്ടാണ് അമ്മ എത്തിയത്.

കൂലിപ്പണിക്കാരനായ ഇളങ്ങൂര്‍ അജിത് കുമാറിന്റെയും പ്രീതിയുടെ മകനാണ് ശ്രീഹരി പുത്തേറ്റ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. കാലിന് ചലനശേഷി നഷ്ടപ്പെട്ട ശ്രീഹരിയ്ക്ക് സ്‌കൂളില്‍ കൂട്ടുകാരുടെ കളിയാക്കലുകള്‍ നിരന്തരമായി നേരിടേണ്ടി വരുന്നു ആരും തണലാകുന്നില്ല എന്ന പരാതിയാണ് അവര്‍ പങ്കുവച്ചത്. ഇതു പറയുന്നതിനിടയില്‍ അവര്‍ പൊട്ടിക്കരഞ്ഞു.

ഹരിയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ആ കുഞ്ഞികണ്ണുകളും നിറഞ്ഞ് ഒഴുകുകയായിരുന്നു. അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഒരു നിമിഷം ഞാനും വല്ലാതായി.

അവിടെ ഉണ്ടായിരുന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചു വരുത്തി ഹരി പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കൗണ്‍സിലിങ്ങ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ശ്രീഹരിക്ക് അവിടെ തന്നെ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താനും ചുമതലപ്പെടുത്തി.

പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ നിലവിലെ സ്‌കൂളില്‍ തന്നെ പഠിക്കാന്‍ അവസരമുണ്ടാകുമെന്നും ഇനി കൂട്ടുകാരില്‍ നിന്നോ മറ്റാരില്‍ നിന്നും ഹരിക്ക് ഇത്തരം ഒരു ദുരനുഭവം ഉണ്ടാകില്ലെന്നും ഞാന്‍ ആ കൊച്ചു മിടുക്കന് ഉറപ്പു നല്‍കി.

ആരെങ്കിലും കളിയാക്കിയാല്‍ എന്നെ വിളിച്ചാല്‍ മതി എന്നു പറഞ്ഞപ്പോള്‍ ആ മുഖത്ത് തെളിഞ്ഞ ചെറിയ ചിരി അവന്റെ ഉള്ളിലെ ആത്മവിശ്വാസത്തിന്റേതായിരുന്നു. ഹരിക്ക് സഞ്ചരിക്കാന്‍ വികലാംഗ കോര്‍പ്പറേഷനില്‍ നിന്നും വീല്‍ചെയര്‍ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Exit mobile version