ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായിക നയന സൂര്യയുടെ മരണം കൊലപാതകം; അടി വയറ്റില്‍ ചവിട്ടേറ്റു; കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി; ഒഴിയാതെ ദുരൂഹത

തിരുവനന്തപുരം: ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന നയന സൂര്യ (28)യുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നയനാ സൂര്യയുടെ മരണം മൂന്നുവര്‍ഷത്തിനുശേഷമാണ് കൊലപാതകമെന്നനനിലയില്‍ ചര്‍ച്ചയാവുന്നത്.

യുവതിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശക്തമായി ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി.

ഇത് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നതായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. എന്നാല്‍, പോലീസ് നടത്തിയ മൃതദേഹപരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിരുന്നില്ല.

പോലീസ് അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഇവര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സുഹൃത്തുക്കള്‍ ലഭിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ALSO READ- ‘ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍, ഒന്നോര്‍ത്താല്‍ മതി’; പൃഥ്വിരാജ് സിനിമയ്ക്ക് നേരെ ഭീഷണിയുമായി പ്രതീഷ് വിശ്വനാഥ്

നയന സൂര്യയ്ക്ക് അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നിട്ടും പോലീസ് അന്വേഷിക്കാതെ കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സുഹൃത്തുക്കളുടെ പരാതി.

2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയന സൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ മരിച്ച് ഒരു മാസത്തിനകമായിരുന്നു സഹസംവിധായികയുടെ മരണം. ഇതോടെ വിഷാദ രോഗം കാരണം നയന ആത്മഹത്യ ചെയ്തതാണെന്ന പ്രചാരണവും ഉണ്ടായി.

‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനംചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. നയനയെ തേടിയെത്തിയ സുഹൃത്തുക്കളാണ് വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷുഗര്‍ നില കുറഞ്ഞതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ നയന ചികിത്സ കിട്ടാതെ നയനസൂര്യ മരണപ്പെടുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം.

Exit mobile version