പിതാവിന് കരൾ നൽകാൻ നിയമം വിലങ്ങ് തടിയായി, കോടതിയിൽ പോയി വിജയം കൈവരിച്ച് 17 കാരി; ദേവനന്ദയെ പോലുള്ള കുട്ടികളുള്ള മാതാപിതാക്കൾ അനുഗ്രഹീതരെന്ന് കോടതി

കൊച്ചി: കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ പിതാവിനു കരൾ പകുത്തു നൽകാൻ നിയമം തടസമായപ്പോൾ കോടതിയെ സമീപിച്ച 17കാരിക്ക് അനുകൂല വിധി. തൃശൂർ കോലഴി സ്വദേശി പി.പി. ദേവനന്ദ നൽകിയ ഹർജിയിലാണ് അനുമതി നൽകി കൊണ്ട് കോടതി ഉത്തരവ് ഇട്ടത്.

ദേവനന്ദയെ പോലെയുള്ള കുട്ടികളുള്ള മാതാപിതാക്കൾ അനുഗ്രഹീതരാണെന്നും വിട്ടുകൊടുക്കാതെ ദേവനന്ദ നടത്തിയ പോരാട്ടം വിജയിച്ചതിൽ സന്തോഷമുണ്ടെന്നും ജസ്റ്റിസ് വി.ജി.അരുൺ ഉത്തരവിൽ കുറിച്ചു. എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ പി.ജി. പ്രതീഷിന് അടിയന്തരമായി അവയവമാറ്റ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത കുറവാണെന്ന് അറിഞ്ഞതോടെയാണ് മകൾ കോടതിയിൽ എത്തിയത്.

പ്രതീഷിനു ചേരുന്ന കരൾ കണ്ടെത്താൻ ഏറെ പരിശ്രമിച്ചെങ്കിലും കുടുംബത്തിനു കഴിഞ്ഞില്ല. ദേവനന്ദയുടെ കരൾ ചേരുമെന്ന് വ്യക്തമായെങ്കിലും നിയമം വിലങ്ങു തടിയായി. പിന്നീട് മറ്റൊന്നും ചിന്തിക്കാതെ കോടതിയിലേക്ക് ദേവനന്ദ എത്തുകയായിരുന്നു.

കോടതിയുടെ നിർദേശത്തിൽ വേഗത്തിൽ പ്രതികരിച്ച അധികൃതരെയും ഇക്കാര്യത്തിൽ ശരിയായ തീരുമാനത്തിൽ എത്താൻ കോടതിയെ സഹായിച്ച അഭിഭാഷകരായ പി.ആർ.ഷാജി, പി.എസ്.അപ്പു എന്നിവരെയും കോടതി അഭിനന്ദിച്ചു.

Exit mobile version