അമ്മയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ സമ്മതിച്ചില്ല; ഒടുവില്‍ സ്ഥലം നല്‍കി സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ മാതൃക

ഐരവണ്ണില്‍ ശാരദ എന്ന വയോധികയുടെ മൃതദേഹമാണ് സിപിഐ ലോക്കല്‍ സെക്രട്ടറി വിജയ വില്‍സന്റെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്.

പത്തനംതിട്ട: അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാതെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ പ്രതിസന്ധിയിലായ മകള്‍ക്ക് ആശ്വസമായി സിപിഐ ലോക്കല്‍ സെക്രട്ടറി. വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം വിട്ടുനല്‍കി സിപിഐ ലോക്കല്‍ സെക്രട്ടറി വിജയ വില്‍സണ്‍ മാതൃകയായി. പത്തനംതിട്ട കോന്നിയിലാണ് സംഭവം.

also read: ആപ്പിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി; പ്രവാസിയുടെ ഭാര്യ രണ്ട് കുട്ടികളേയും കൂട്ടി വിവാഹിതനായ പാട്ടുകാരനൊപ്പം ഒളിച്ചോടി

ഐരവണ്ണില്‍ ശാരദ എന്ന വയോധികയുടെ മൃതദേഹമാണ് സിപിഐ ലോക്കല്‍ സെക്രട്ടറി വിജയ വില്‍സന്റെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. ഇന്നലെയാണ് കോന്നി ഐരവണ്ണില്‍ 90 വയസ്സുള്ള ശാരദ എന്ന വയോധികയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാതെ വരികയും തൊട്ടടുത്തുള്ള അയല്‍വാസി മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കുകയും ചെയ്തത്. ശാരദയുടെ മരുമകന്റെ ബന്ധുക്കള്‍ മൃതദേഹം അടക്കം ചെയ്യാന്‍ സ്ഥലം നിഷേധിച്ചതായാണ് അറിയുന്നത്.

‘മരിച്ച അമ്മ ശാരദയുടെ മകള്‍ 20 വര്‍ഷമായി ഇവിടെ താമസമാണ്. അവരെ ഇവിടെ വിവാഹം ചെയ്തു കൊണ്ടുവന്നതാണ്. ഇവരുടെ ഭര്‍ത്താവ് മരിച്ചിട്ട് ആറ് വര്‍ഷമായി. അവര്‍ക്കൊരു കൂട്ടിനായിട്ടാണ് ഈ അമ്മ ഇവിടെ എത്തിയത്. കഴിഞ്ഞ ദിവസം അവര്‍ മരണപ്പെട്ടു. തുടര്‍ന്നാണ് ഇവരുടെ മകള്‍ ഇന്ദിരയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മൃതദേഹം അവരുടെ സ്ഥലത്ത് അടക്കം ചെയ്യാന്‍ പറ്റില്ലെന്ന് നിലപാടെടുത്തത്.

ഇവര്‍ക്ക് ആകെ 3 സെന്റ് സ്ഥലമേ ഉള്ളൂ. അതിന് രണ്ടുമൂന്ന് അവകാശികളുണ്ട്. അവരാരും അവിടെ മൃതദേഹം സംസ്‌കരിക്കാന്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല. പത്തനംതിട്ടയില്‍ എവിടെയെങ്കിലും ഒരു സ്മശാനം കിട്ടാന്‍ വഴിയുണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു. പക്ഷെ അത് ലഭിച്ചില്ല. പിന്നീട് മനുഷ്യത്വപരമായ പ്രവര്‍ത്തി എന്നുള്ള നിലയില്‍ ഞങ്ങള്‍ സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു’

എന്ന് വിജയ വില്‍സണ്‍ പറഞ്ഞു.

Exit mobile version