സ്മൃതിലക്ഷ്മിക്ക് ഇനി സമാധാനത്തോടെ പഠിക്കാം..! സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വിദ്യാര്‍ത്ഥിക്ക് വാരിക്കോരി നല്‍കി കളക്ടര്‍ കൃഷ്ണ തേജയുടെ നന്മ

കയര്‍ തൊഴിലാളിയായിരിന്ന സ്മൃതിലക്ഷ്മിയുടെ പിതാവ് മോഹനന്‍ എട്ടു വര്‍ഷം മുന്‍പ് മരിച്ച ശേഷം കൂലിവേല ചെയ്താണ് അമ്മ മനോഹരി മകളെ പഠിപ്പിച്ചത്.

ആലപ്പുഴ: പണം ഇല്ലാത്തതിന്റെ പേരില്‍ വിഷമിക്കേണ്ട, സ്മൃതിലക്ഷ്മിക്ക് ഇനി സമാധാനത്തോടെ പഠനം തുടരാം. സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും വാരിക്കോരി നല്‍കി കളക്ടര്‍ കൃഷ്ണ തേജയുടെ നന്മ.

സ്മൃതിലക്ഷ്മിക്ക് മെഡിസിന് മലബാര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ അഡ്മിഷന്‍ കിട്ടിയെങ്കിലും സാമ്പത്തികം പഠനത്തിന് വെല്ലുവിളി ഉയര്‍ത്തി. കയര്‍ തൊഴിലാളിയായിരിന്ന സ്മൃതിലക്ഷ്മിയുടെ പിതാവ് മോഹനന്‍ എട്ടു വര്‍ഷം മുന്‍പ് മരിച്ച ശേഷം കൂലിവേല ചെയ്താണ് അമ്മ മനോഹരി മകളെ പഠിപ്പിച്ചത്.

also read: സുവര്‍ണ്ണനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ അഭിനേത്രി; ദീപിക പദുക്കോണ്‍ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യും

അഡ്മിഷന് മുന്‍പായി നല്‍കേണ്ട 10 ലക്ഷം രുപ എങ്ങനെ കണ്ടെത്തുമെന്ന പ്രതിസന്ധിയിലായിരുന്നു കുടുംബം. തുടര്‍ന്നാണ് രൂപ അഡ്മിഷന് ശേഷം സാവധാനം നല്‍കാന്‍ സാഹചര്യം ഒരുക്കണമെന്ന അഭ്യര്‍ഥനയുമായി സ്മൃതിലക്ഷ്മി ബന്ധുക്കള്‍ക്കൊപ്പം കളക്ടര്‍ കൃഷ്ണ തേജ ഐഎഎസിനെ കാണാന്‍ എത്തിയത്. കളക്ടര്‍ കൈവിട്ടില്ല.

കളക്ടറേറ്റിലെത്തി കാര്യം അറിയിച്ച് ആലപ്പുഴയില്‍ നിന്ന് ചേര്‍ത്തലയ്ക്കു പോകാന്‍ ഒരുങ്ങുമ്പോള്‍ കളക്ടറുടെ വിളി എത്തി. പറ്റുമെങ്കില്‍ മടങ്ങിയെത്താനായിരുന്നു നിര്‍ദ്ദേശം. വീണ്ടും കളക്ടര്‍ക്കു മുന്നിലെത്തിയപ്പോള്‍ അദ്ദേഹം സ്മൃതി ലക്ഷ്മിക്ക് ആറു ലക്ഷത്തിന്റെ ചെക്ക് കൈമാറി. ഒട്ടും നിനയ്ക്കാതെ ഭാഗ്യദേവത കടന്നുവന്നതിന്റെ അമ്പരപ്പിലായി കുടുംബം.

ബാക്കി തുകയ്ക്കു കൂടി ശ്രമം നടത്താമെന്ന് കളക്ടര്‍ ആശ്വസിപ്പിച്ചു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി നടത്തിയ പണസമാഹരണത്തില്‍ ലഭിച്ചത് നാലു ലക്ഷം. സ്മൃതിലക്ഷ്മിയുടെ മാതാവ് മനോഹരിയുടെ കുടുംബമായ വെള്ളിയാകുളം ചിറക്കാട്ട് കുടുംബത്തിന്റെ അഭ്യുദയകാംക്ഷികളുടെ സഹകരണവും പണസാഹരണത്തിന് ലഭിച്ചു.

നന്ദി പറയാന്‍ ഇന്നലെ കളക്ടറേറ്റിലെത്തിയ ബന്ധുക്കള്‍ നല്‍കിയ ലഡു കളക്ടര്‍ സന്തോഷത്തോടെ സ്വീകരിച്ചു. സ്മൃതിലക്ഷ്മിയെ അനുജത്തിയായി കണ്ട് എല്ലാ സഹായങ്ങളും നല്‍കാമെന്ന വാഗ്ദാനവും നല്‍കിയാണ് അവരെ മടക്കി അയച്ചത്.

Exit mobile version