എന്താണ് ഷാഫി കത്തൊക്കെ കൊടുത്തൂന്ന് കേട്ടു; പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത ഷാഫി പറമ്പിലിന്റെ കത്ത് ഫ്‌ലക്‌സ് അടിച്ച് പ്രദര്‍ശനം

തിരുവനന്തപുരം: കത്ത് വിവാദം പുകയുന്നതിനിടെ പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ യുഡിഎഫ് കാലത്ത് എഴുതിയ ശുപാര്‍ശ കത്ത് പുറത്തിവിട്ട് സിപിഎം. യുഡിഎഫ് അധികാരത്തിലിരുന്ന കാലത്ത് ഷാഫി പറമ്പിലും കെസി വേണുഗോപാലും ഉള്‍പ്പടെയുള്ളവര്‍ എഴുതിയ വിവിധ ശുപാര്‍ശ കത്തുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

ഷാഫി പറമ്പില്‍ എംഎല്‍എയുടെ കത്ത് ‘ എന്താണ് ഷാഫി കത്തൊക്കെ കൊടുത്തൂന്ന് കേട്ടു’ എന്ന തലക്കെട്ടിലാണ് നഗരസഭ ആസ്ഥാനത്തിന് മുന്നില്‍ ഫ്‌ലക്‌സ് അടിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഷാഫി 2011-ല്‍ കോണ്‍ഗ്രസിന് വേണ്ടി കോടതിയില്‍ ഹാജരായിട്ടുള്ളയാളിനെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്താണ് ഇപ്പോള്‍ ഫ്‌ലക്‌സായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇതോടൊപ്പം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച ശുപാര്‍ശ കത്തും പ്രചരിപ്പിക്കുന്നുണ്ട്.

also read- ലഹരി മുക്തനാക്കാന്‍ ലഹരി വിമോചന കേന്ദ്രത്തിലാക്കി; സഹവാസിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍

കൂടാതെ, ഇതിനുപുറമെ കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പി ടി തോമസിന് അയച്ച ശുപാര്‍ശ കത്ത്, ജോസഫ് വാഴക്കന്‍, ടിഎന്‍ പ്രതാപന്‍, കെപി ധനപാലന്‍, പിസി വിഷ്ണുനാഥ്, എഎ ഷുക്കൂര്‍, എന്‍ പീതാംബരക്കുറുപ്പ്, ഷാഹിദ കമാല്‍, ഹൈബി ഈഡന്‍, കെഎന്‍എ ഖാദര്‍, എപി അനില്‍കുമാര്‍, സിപി ജോണ്‍, എംഎം ഹസന്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ ശുപാര്‍ശ കത്തുകളും പുറത്തെത്തിയിട്ടുണ്ട്.

ഗവണ്‍മെന്റ് പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങിയ തസ്തികകളിലേക്ക് ഉള്ള നിയമനങ്ങള്‍ക്കായുള്ള ശുപാര്‍ശ കത്തുകളാണ് ഇവയെല്ലാം. അതേസമയം, അധികാരത്തിലിരുന്ന സമയത്ത് അവര്‍ക്ക് വേണ്ടപ്പെട്ട അഭിഭാഷകരെ ഇങ്ങനെ നിയമിക്കാറുണ്ടെന്നുള്ളത് കീഴ്വഴക്കമാണെന്നാണ് യുഡിഎഫ് വാദം. ഇതിനുള്ള ശുപാര്‍ശ കത്തുകളാണ് ഇപ്പോള്‍ പുറത്തു വന്നതെന്നാണ് പറയുന്നത്.

Exit mobile version