ബലം പ്രയോഗിച്ച് ആളെ പ്രവേശിപ്പിക്കലല്ല, പകരം അതിനായി ജനത്തെ പക്വമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം; തോമസ് ഐസക്

കേരളത്തെ മുന്നോട്ടു കൊണ്ടു പോവുന്ന ശക്തികളോടൊപ്പമാണോ അതോ പിന്നോട്ട് കൊണ്ടു പോവുന്ന ശക്തികള്‍ക്കൊപ്പമാണോ കേരളത്തിന്റെ പൊതുമനസ്സെന്ന് വനിതാ മതിലോടെ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ബലം പ്രയോഗിച്ച് ആളെ പ്രവേശിപ്പിക്കലല്ല, പകരം അതിനായി ജനത്തെ പക്വമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് തോമസ് ഐസക്. കേരളത്തെ മുന്നോട്ടു കൊണ്ടു പോവുന്ന ശക്തികളോടൊപ്പമാണോ അതോ പിന്നോട്ട് കൊണ്ടു പോവുന്ന ശക്തികള്‍ക്കൊപ്പമാണോ കേരളത്തിന്റെ പൊതുമനസ്സെന്ന് വനിതാ മതിലോടെ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

സമുദായ സംഘടനകളുമായി 87നുശേഷം ഞങ്ങള്‍ യോജിച്ചു പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷെ ഇന്ന് സമുദായ സംഘടനകളുമായി ഒരു കാര്യത്തില്‍ യോജിപ്പുണ്ട്. സ്ത്രീകളുടെ പദവി സംബന്ധിച്ച് നവ്വോത്ഥാനം മുന്നോട്ടു വെച്ച ആശയങ്ങളും മൂല്യങ്ങളും മുന്നോട്ട് പോവേണ്ടതുണ്ട്. അമ്പലത്തില്‍ മാത്രമല്ല എല്ലായിടത്തും സ്ത്രീക്ക് തുല്യത വേണമെന്നാണ് ഞങ്ങള്‍ സിപിഎമ്മിന്റെ നിലപാട്. ശബരിമല വിധി നടപ്പിലാക്കണമെന്നും.

മുക്കാല്‍ നൂറ്റാണ്ട് മുമ്പ് കേരളത്തില്‍ എല്ലാ ഹിന്ദു ജാതിക്കാര്‍ക്കും ക്ഷേത്ര പ്രവേശനം സാധ്യമായിരുന്നില്ല. ബിജെപിക്കും വര്‍ഗീയതക്കുമൊപ്പം ഞങ്ങളില്ല എന്ന് പിന്നാക്ക സമുദായ വിഭാഗം പറയുന്നത് വലിയൊരു കാല്‍വെപ്പാണ്. എന്‍എസ്എസ് നിലപാടെടുത്തതുകൊണ്ട് നായര്‍ സമുദായം മുഴുവന്‍ അവര്‍ക്കൊപ്പംപോവും എന്ന് ഞങ്ങള്‍ കരുതുന്നില്ല. മന്നത്തിന്റെ പാരമ്പര്യമുള്ള ഒരു പാട് പേര്‍ ആ സംഘടനയില്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിധിയാണ് അന്തിമമെന്നും ഞങ്ങള്‍ കൊടുത്ത് സത്യവാങ്മൂലം പോലും പ്രസക്തമല്ല എന്നാണ് ശബരിമല വിധി വന്നപ്പോള്‍ രമേശ് ചെന്നിത്തല പറഞ്ഞത്. പിന്നീട് രാഹുല്‍ ഗാന്ധി പറഞ്ഞത് പോലും അവഗണിച്ച് ഊതിവീര്‍പ്പിച്ച് ആ പ്രതിലോമ ശക്തിക്കൊപ്പം അല്ലേ അദ്ദേഹം നിന്നത്. അദ്ദേഹം കോണ്‍ഗ്രസ്സ് നിലപാടിലല്ല.

കോണ്‍ഗ്രസ്സിന്റെ നിലപാട് കോണ്‍ഗ്രസ്സ് അധ്യക്ഷന്റേല്ലേ. എന്നാല്‍ ചെന്നിത്തലയോ. സമൂഹത്തിനെ പക്വമാക്കുന്ന നിലപാടിലേക്കല്ലേ അദ്ദേഹം വരേണ്ടിയിരുന്നത്. അതിനാല്‍ ശ്രീ രമേശ് ചെന്നിത്തല വനിതാ മതിലിലേക്ക് വരണം എന്നാണ് തന്റെ അഭ്യര്‍ഥനയെന്നും ബലം പ്രയോഗിച്ച് ആളെ പ്രവേശിപ്പിക്കലല്ല പകരം അതിനായി ജനത്തെ പക്വമാക്കുകയാണ് ഞങ്ങളുടെ സമീപനമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

Exit mobile version