വിവാഹത്തിന്റെ ആര്‍ഭാടങ്ങളെല്ലാം ഉപേക്ഷിച്ചു, പകരം നിര്‍ധന കുടുംബത്തിന് ഒരു വീടുവെച്ചു നല്‍കി; മാതൃകയായി ദിലീപ് കുമാറിന്റെ മകന്റെ വിവാഹം!

ആലത്തൂര്‍: വിവാഹം ഏറ്റവും ആര്‍ഭാടത്തോടെ തന്നെ നടത്താമായിരുന്നിട്ടും എല്ലാം ഉപേക്ഷിച്ച് കാവശ്ശേരി പഞ്ചായത്ത് റിട്ട.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വടക്കഞ്ചേരി ആയക്കാട് നൊച്ചിപ്പറമ്പ് ദിലീപ് കുമാര്‍ ഇദ്ദേഹത്തിന്റെ മകന്‍ രാഹുലിന്റെ വിവാഹമാണ് ലളിതമായി നടത്തി, കുഞ്ഞുകുടുംബത്തിന് വീട് വെച്ച് നല്‍കിയത്.

2017ലെ പ്രളയകാലത്ത് കാവശ്ശേരി മുതലക്കുളം കോളനിയിലെ കോതയുടെ വീട് ഇടിഞ്ഞു പോയിരുന്നു. തുടര്‍ന്ന് ഓലകൊണ്ടു മറച്ച ഒറ്റമുറി ഷെഡിലാണു കോത പെണ്‍മക്കളോടൊപ്പം കഴിഞ്ഞിരുന്നത്. രാത്രി അയല്‍വീടുകളില്‍ അന്തിയുറങ്ങലായിരുന്നു ഇവരുടെ പതിവ്.

കോതയുടെ സ്വന്തമെന്ന് പറയാന്‍ ആകെയുള്ള രണ്ടര സെന്റ് ഭൂമിക്ക് ആധാരമില്ലാത്തതിനാല്‍ സൗജന്യ ഭവനിര്‍മാണ പദ്ധതികള്‍ക്കൊന്നും അര്‍ഹരായതുമില്ല. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ മൂത്ത മകള്‍ ശാരദയും അവിവാഹിതയായ രണ്ടാമത്തെ മകള്‍ ശാന്തയുമാണ് കോതയ്‌ക്കൊപ്പമുള്ളത്.

2019ല്‍ ജോലിയില്‍ നിന്നു വിരമിച്ച ദിലീപ് കുമാര്‍ പിന്നീട് കോതയെ സഹായിക്കാനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ ലഭിക്കില്ലെന്ന് വ്യക്തമായതോടെ മകന്റെ വിവാഹത്തോടനുബന്ധിച്ചു വീടു നിര്‍മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ദിലീപ് കുമാറിന്റെ തീരുമാനത്തിന് ഭാര്യ കുഴല്‍മന്ദം ജിഎച്ച്എസിലെ റിട്ട. പ്രധാനാധ്യാപിക സൗമിനിയും മക്കള്‍ മറൈന്‍ എന്‍ജിനീയറായ രാഹുലും വിദ്യാര്‍ഥിയായ റോഷനും കൂടെ നില്‍ക്കുകയായിരുന്നു.

also read- ഫ്‌ളാപ്പ് ബാരിയറുകള്‍ സ്ഥാപിക്കുന്നു; ഇനിമുതല്‍ സെക്രട്ടറിയറ്റിലെ ‘മുങ്ങല്‍’ ജീവനക്കാരുടെ ശമ്പളം പോകും

ഇതോടെയാണ് 5.75 ലക്ഷം രൂപ ചെലവില്‍ അടുക്കളയും കിടപ്പുമുറിയും ഹാളും ഇടനാഴിയും ശുചിമുറിയും ഉള്‍പ്പെടുന്ന മനോഹരമായ വീട് ഒരുക്കിയത്. കഴിഞ്ഞ മാസം 29ന് ആയിരുന്നു അരൂര്‍ സ്വദേശിനി ഡോ.രത്‌നമണിയുമായി രാഹുലിന്റെ വിവാഹം നടന്നത്.

വിവാഹദിനത്തില്‍ വീടു കൈമാറണമെന്നായിരുന്നു ആഗ്രഹമെങ്കിലും സന്തോഷത്തില്‍ പങ്കെടുക്കാന്‍ മന്ത്രി കെ രാധാകൃഷ്ണന്‍ എത്താമെന്നറിയിച്ചതോടെ ചടങ്ങ് തിങ്കളാഴ്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രി വൈകിട്ടു 3ന് മന്ത്രി കോതയ്ക്കും മക്കള്‍ക്കും വീടിന്റെ താക്കോല്‍ കൈമാറി. പഞ്ചായത്ത് അധ്യക്ഷന്‍ സി രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

Exit mobile version