7മാസം കൊണ്ട് സിന്ധുവിന്റെ മുലപ്പാൽ നുണഞ്ഞത് 1400 കുട്ടികൾ; മാതൃകയായി 29കാരി

29 കാരിയായ എഞ്ചിനീയറിം​ഗ് ബിരുദധാരി ടി സിന്ധു മോണിക്കയുടെ മുലപ്പാൽ നുണഞ്ഞത് 1400 കുട്ടികൾ. ഏവർക്കും മാതൃകയായ സിന്ധു മോണിക്കയുടെ സ്വദേശം കോയമ്പത്തൂരാണ്. ഏഴ് മാസത്തിനുള്ളിൽ 42,000ml മുലപ്പാലാണ് സിന്ധു സംസ്ഥാന സർക്കാരിന്റെ എൻഐസിയു (Neonatal Intensive Care Unit) -വിലേക്ക് നൽകിയത്. രണ്ട് വർഷം മുമ്പാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.

സർക്കാർ ആശുപത്രികളിലെ അമ്മമാർ മരിച്ചതോ, അമ്മമാർക്ക് മുലയൂട്ടാനാകാത്തതോ ആയ നവജാതശിശുക്കൾക്ക് മുലപ്പാൽ ലഭ്യമാക്കുക ആയിരുന്നു ലക്ഷ്യം. 50 സ്ത്രീകൾ ഇന്ന് പദ്ധതിയുടെ ഭാ​ഗമാണ്. അതിൽ 30 പേർ സ്ഥിരമായി മുലപ്പാൽ നൽകുന്നവർ ആണ്. ഇതിൽ ഒരാളാണ് സിന്ധുവും.

അടുത്തിടെ ഏഷ്യൻ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും സിന്ധു ഇടം നേടിയിരുന്നു. ഭർത്താവിന് നന്ദി പറയുന്നു, അദ്ദേഹമാണ് എപ്പോഴും പിന്തുണ തന്നിരുന്നത്’ എന്ന് സിന്ധു പറയുന്നു. ഭർത്താവ് മഹേശ്വരൻ കോയമ്പത്തൂരിലെ ഒരു എഞ്ചിനീയറിം​ഗ് കോളേജിൽ അസി. പ്രൊഫസറാണ്. 18 മാസം പ്രായമുള്ള വെംബയാണ് ഇവരുടെ മകൾ.

മകളെ മുലയൂട്ടിക്കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അമൃതം എൻജിഒയിലെ രൂപ സെൽവനായകിയുടെ നിർദ്ദേശപ്രകാരം അത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നു. ഓരോ ആഴ്ചയും എൻജിഒ ഈ മുലപ്പാൽ വന്ന് കൊണ്ടുപോകും. പിന്നീട് മിൽക്ക് ബാങ്കിലേക്ക് കൈമാറുമെന്നും സിന്ധു കൂട്ടിച്ചേർത്തു. സിന്ധുവിന്റെ ഈ നല്ല മനസിന്‌ കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.

Exit mobile version