ഒരേ സമയം ഒന്നിലധികം പ്രണയബന്ധം, 10ലധികം മൊബൈൽ നമ്പറുകൾ; വിവാഹതട്ടിപ്പ് നടത്തി സഞ്ജു സമ്പാദിക്കുന്നത് ലക്ഷങ്ങൾ, തട്ടിപ്പ് ഇങ്ങനെ

മലപ്പുറം: മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ സമ്പാദിച്ച മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ 4കാരനായ സഞ്ജു അറസ്റ്റിൽ. ആദിയെന്ന വ്യാജ പേരിൽ രജിസ്റ്റർ ചെയ്ത് പ്രണയം നടിച്ച് പണവും സ്വർണ്ണവും കൈക്കലാക്കി പീഡിപ്പിച്ചെന്ന രണ്ട് യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരിൽ നിന്നായി 38 പവനും 11 ലക്ഷം രൂപയുമാണ് തട്ടിയത്.

രാത്രിയില്‍ പോലീസുകാരനോട് ലൈംഗികാതിക്രമം; പരാതിയില്‍ എസ്‌ഐക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്

ഒരാളിൽ നിന്ന് 32 പവനും ഒരുലക്ഷം രൂപയും മറ്റൊരാളിൽ നിന്ന് 10 ലക്ഷവും ആറ് പവനുമാണ് ഇയാൾ കബളിപ്പിച്ച് വാങ്ങിയത്. അതേസമയം, ഇയാൾക്കെതിരെ സമാനരീതിയിൽ ഒട്ടേറെ വഞ്ചനാ കേസും നിലവിലുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിലായി പത്തോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിവാഹാലോചനയുമായെത്തിയ ശേഷം പ്രണയം നടിക്കൽ, വിവാഹനിശ്ചയം നടത്തൽ, കല്യാണ വസ്ത്രം എടുപ്പിക്കൽ, കല്യാണ മണ്ഡപം ബുക്ക് ചെയ്യുന്നത് വരെ വിശ്വാസം നേടിയെടുത്ത് നടത്തും.

ഇതാണ് പ്രതിയുടെ പതിവ് രീതിയും. തുടർന്ന് അത്യാവശ്യ കാരണങ്ങൾ പറഞ്ഞ് വിവാഹം വൈകിപ്പിക്കും. ഇതിനിടെ യുവതികളുടെ എ.ടി.എം കാർഡും ബാങ്ക് അക്കൗണ്ട് രേഖകളും സിം കാർഡും ഐഡന്റിറ്റി കാർഡും കൈക്കലാക്കിയ ശേഷം പണം തട്ടുകയാണ് സഞ്ജു ചെയ്ത് വന്നിരുന്നത്. 2014 മുതൽ ഇത്തരം തട്ടിപ്പ് നടത്തുന്ന പ്രതി ഒരേസമയം ഒന്നിലധികം യുവതികളുമായി പ്രണയബന്ധം പുലർത്തിയിരുന്നു. പത്തിലധികം മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ട് ഉണ്ട്.

മാന്യമായി പെരുമാറി ആളുകളുടെ വിശ്വാസം നേടിയെടുക്കുന്ന ഇയാൾ തന്റെ തട്ടിപ്പ് പുറത്തറിയുന്നതോടെ ഭീഷണിപ്പെടുത്തും. മാനനഷ്ടം ഭയന്ന് ഇരകൾ പിന്മാറുകയായിരുന്നു. ഈ പിന്മാറ്റം തുടർന്നും വഞ്ചന കാണിക്കാൻ പ്രതിയെ പ്രേരിപ്പിക്കുകയായിരുന്നു. എറണാകുളത്ത് രണ്ടാം ഭാര്യയോടൊപ്പം താമസിക്കുന്ന പ്രതി ഇത്തരം തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.

Exit mobile version