മണ്ഡപത്തിലും അലങ്കാരങ്ങളിലും കരി ഓയില്‍ ഒഴിച്ചു; ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണ ഒഴിച്ചു; സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്തിയത് നിര്‍ധന യുവതിയുടെ വിവാഹത്തിന്

മേല്‍മുരിങ്ങോടി ആനക്കുഴിയിലെ കിഴക്കേടത്ത് സീമയുടെ മകളുടെ വിവാഹത്തിന് ആനക്കുഴി സാംസ്‌കാരിക നിലയത്തില്‍ ഒരുക്കിയ പന്തലും ഭക്ഷണസാധനങ്ങളുമാണ് നശിപ്പിച്ചത്.

പേരാവൂര്‍: നിര്‍ധന യുവതിയുടെ വിവാഹത്തിന് ഒരുക്കി വെച്ചവ നശിപ്പിച്ച് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. വിവാഹത്തിനായി ഒരുക്കി വെച്ച മണ്ഡപത്തില്‍ കരിയോയില്‍ ഒഴിച്ചും സദ്യയ്ക്കായി ഒരുക്കി വെച്ച പച്ചക്കറിയില്‍ മണ്ണെണ്ണ ഒഴിച്ചുമാണ് ക്രൂരത നടത്തിയത്. കൂടാതെ വിവാഹത്തിന്റെ ആവശ്യങ്ങള്‍ക്കായി എടുക്കുന്ന കിണറിലും സാമൂഹ്യ വിരുദ്ധര്‍ മണ്ണെണ്ണ ഒഴിച്ചു.

മേല്‍മുരിങ്ങോടി ആനക്കുഴിയിലെ കിഴക്കേടത്ത് സീമയുടെ മകളുടെ വിവാഹത്തിന് ആനക്കുഴി സാംസ്‌കാരിക നിലയത്തില്‍ ഒരുക്കിയ പന്തലും ഭക്ഷണസാധനങ്ങളുമാണ് നശിപ്പിച്ചത്. ഞായറാഴ്ചയായിരുന്നു വിവാഹം. ഇതിനായി ഒരുക്കി വെച്ചവയാണ് ചിലര്‍ ചേര്‍ന്ന് നശിപ്പിച്ച് കളഞ്ഞത്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയും നാട്ടുകാരും മറ്റും ഇവിടെ സഹായത്തിനുണ്ടായിരുന്നു. ഇവരൊക്കെ തിരിച്ചുപോയ തക്കം നോക്കിയാണ് പന്തലിലും സാംസ്‌കാരിക നിലയത്തിന്റെ പുതുതായി പെയിന്റടിച്ച ചുമരുകളിലും സമീപത്തെ കിണറിലും കരി ഓയില്‍ ഒഴിച്ചത്.

സാംസ്‌കാരിക നിലയത്തിന്റെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ച ഭക്ഷണസാധനങ്ങളില്‍ മണ്ണെണ്ണയും ഒഴിച്ചു. സംഭവത്തില്‍ പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പറഞ്ഞ സമയത്ത് തന്നെ വിവാഹം നടന്നു. നാട്ടുകാരും മറ്റും ഒത്ത് ചേര്‍ന്ന് സഹകരണത്തോടെ എല്ലാ സാധനങ്ങളും വീണ്ടും എത്തിച്ച് വിവാഹം ഗംഭീരമായി തന്നെ നടത്തി.

Exit mobile version