ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക്: ആരോപണങ്ങള്‍ തള്ളി ചാണ്ടി ഉമ്മന്‍

കൊച്ചി:ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് കൊണ്ടുപോകുന്നെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ ആലുവ പാലസില്‍ വിശ്രമത്തിലാണ് അദ്ദേഹം. രാജഗിരി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയുടെ നിലവിലെ ചികിത്സ നടക്കുന്നത്.

ഉമ്മന്‍ചാണ്ടിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ നല്‍കുന്നില്ലെന്നടക്കമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

‘ചികിത്സാ നിഷേധം നടത്തിയിട്ട് ഞങ്ങള്‍ക്ക് എന്താണ് നേടാനുളളത്?. ഇതുപോലെ വിഷമമുണ്ടായ ഒരു സന്ദര്‍ഭം ജീവിതത്തില്‍ മുന്‍പ് ഉണ്ടായിട്ടേയില്ല. അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഇതുപോലുള്ള വ്യാജപ്രചാരണം നടത്തുന്നവര്‍ ദയവ് ചെയ്ത് അതില്‍ നിന്ന് പിന്‍മാറണം.

Read Also: ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ സ്വര്‍ണ്ണം തിരികെ ആവശ്യപ്പെട്ട് കുടുംബം: ഭര്‍ത്താവിന്റെ വീടും സ്ഥലവും ജപ്തി ചെയ്തു

മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം എന്ന് തെറ്റായ പ്രചാരണം നടത്തുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു. 2015ലും 2019ലും അദ്ദേഹത്തിന് അസുഖം വന്നിട്ടുണ്ട്. 2015ല്‍ രോഗം വന്നപ്പോള്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019ല്‍ ആരോഗ്യനില മോശമായപ്പോള്‍ ജര്‍മനിയിലും യുഎസിലും ചികിത്സയ്ക്കായി പോയിരുന്നെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

രോഗ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധിയാണ് ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടിയെ ജര്‍മനിയിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ ഹോമിയോ ചികിത്സയ്ക്കായിട്ടാണ് ജര്‍മനിയില്‍ കൊണ്ടുപോകുന്നതെന്ന പ്രചാരണം തെറ്റാണെന്നും അലോപ്പതി ചികിത്സയാണ് ലഭ്യമാക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പല തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇതെല്ലാം ചാണ്ടി ഉമ്മന്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിരുന്നു.

Exit mobile version