‘രാജിവയ്ക്കില്ല, വേണമെങ്കില്‍ പിരിച്ചുവിടാം’: ഗവര്‍ണറുടെ ആവശ്യം തള്ളി കണ്ണൂര്‍ വിസി

കണ്ണൂര്‍: രാജി വയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യത്തെ തള്ളി കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍. താന്‍ രാജിവയ്ക്കില്ലെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ പിരിച്ചുവിടാമെന്ന് കണ്ണൂര്‍ വിസി വ്യക്തമാക്കി. കോടതി പറഞ്ഞാല്‍ രാജിവയ്ക്കാം. രാജി കൊടുത്തില്ലെങ്കില്‍ എന്താണ് നടപടി സ്വീകരിക്കുകയെന്ന് നോക്കട്ടെ. ഗവര്‍ണര്‍ക്ക് വിസിമാരെ പുറത്താക്കാം. പക്ഷെ അതിന് മാനദണ്ഡങ്ങളുണ്ട്. ഗവര്‍ണറുടെ നടപടി സര്‍വകലാശാലകളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

ഗവര്‍ണറുടെ നടപടി ഖേദകരവും നിര്‍ഭാഗ്യകരവുമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനാണ് ഗവര്‍ണറുടെ ശ്രമം. തുടര്‍നടപടികള്‍ സര്‍ക്കാര്‍ കൂട്ടായി ആലോചിക്കുമെന്ന് മന്ത്രി ബിന്ദു വ്യക്തമാക്കി.

ഒന്‍പത് വൈസ് ചാന്‍സിലര്‍മാരോട് രാജി വെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനില്‍പ്പ് അട്ടിമറിക്കുവാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണ് ഗവര്‍ണറിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരോടാണ് നാളെ തന്നെ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കാലടി, മലയാളം, ഫിഷറീസ്, സാങ്കേതികം, കുസാറ്റ് വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. നാളെ 11.30നുള്ളില്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഈ നീക്കം. നിയമനം യുജിസി ചട്ട പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരത്തെ സാങ്കേതിക സര്‍വകലാശാല വിസിയായി എം.എസ് രാജശ്രീയെ നിയമിച്ചത് കോടതി റദ്ദാക്കിയത്. ഈ വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ വിസിമാരോട് കൂട്ടരാജി ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version