കണ്ണൂര്‍ വിസി നിയമനം: ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കണ്ണൂര്‍ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.

വിസി നിയമനത്തില്‍ അധികാരപരിധിയില്‍ ബാഹ്യശക്തികള്‍ ഇടപെട്ടു എന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെബി പര്‍ദിവാലയാണ് വിധി പ്രസ്താവിച്ചത്.

ഹര്‍ജിക്കാരുടെ അപ്പീല്‍ അനുവദിച്ചിരിക്കുന്നു എന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ നാല് ചോദ്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി പറഞ്ഞു. വിസിയുടെ പുനര്‍ നിയമനം സാധ്യമാണോ എന്നതാണ് ഒന്നാമത്തേത്. അത് സാധ്യമാണെന്ന് കോടതി കണ്ടെത്തി. വിസി പുനര്‍നിയമനത്തിന് പ്രായപരിധി ബാധകമാകുമോ എന്നാണ് രണ്ടാമത് പരിശോധിച്ചത്. 60 വയസ് പ്രായപരിധി ഇല്ല എന്ന് ഇക്കാര്യത്തില്‍ കോടതി തീരുമാനത്തിലെത്തി. 60 വയസ് കഴിഞ്ഞവരെയും നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. സര്‍വ്വകലാശാല ചാന്‍സലര്‍ എന്ന രീതിയിലാണ് ഗവര്‍ണര്‍ ഈ നിയമനം നടത്തേണ്ടത്.

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

Exit mobile version