‘ മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ല’ ; വനിതാമതിലുമായി സഹകരിക്കില്ലെന്ന് സമസ്ത

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക എന്ന ആശയത്തോടെ വൈകിട്ട് നാലിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സൃഷ്ടിക്കുന്നത്.

കോഴിക്കോട്: സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാ മതിലുമായി സഹകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക എന്ന ആശയത്തോടെ വൈകിട്ട് നാലിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സൃഷ്ടിക്കുന്നത്.

എസ്എന്‍ഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ മതിലിനുണ്ട്. 3.30 ക്കാണ് ട്രയല്‍. കാസര്‍കോട് ടൗണ്‍ സ്‌ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഐഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതില്‍ തീര്‍ക്കുന്നത്.

നാലുമുതല്‍ നാലേകാല്‍ വരെയാണ് മതില്‍ ഉയര്‍ത്തുക. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും. പ്രതിജ്ഞക്ക് ശേഷം തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളില്‍ മന്ത്രിമാരും നേതാക്കളും പിന്തുണയുമായുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ മതിലില്‍ പങ്കെടുക്കാനെത്തും. അതുപോലെ തന്നെ സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നുമുള്ള സ്ത്രീകളുടെ പിന്തുണ മതിലിന് കൂടുതല്‍ കരുത്തേകും.

Exit mobile version