യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് കത്രികയല്ല: തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല, ആരോപണങ്ങള്‍ നിഷേധിച്ച് മെഡിക്കല്‍ കോളേജ്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ ആരോപണം നിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി. ശസ്ത്രക്രിയയ്ക്ക് ശേഷം നഴ്സുമാര്‍ ഉപകരണങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളില്‍ നിന്ന് കൂടി ശസ്ത്രക്രിയ നടത്തിയിരുന്നതിനാല്‍ സംഭവം നടന്നത് മെഡിക്കല്‍ കോളേജില്‍ നിന്നും അല്ലെന്നാണ് പ്രിന്‍സിപ്പല്‍ ഇവി ഗോപി പറയുന്നത്. യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് കത്രികയല്ല. കത്രികയ്ക്ക് സമാനമായ മറ്റൊരു ഉപകരണമെന്നും ഇ വി ഗോപി വിശദീകരിച്ചു.

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുരുങ്ങിയെന്നാണ് ആരോപണം. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.

താമരശ്ശേരി സ്വദേശിയായ ഹര്‍ഷീന അഷ്റഫ് എന്ന യുവതിയുടെ വയറ്റിലാണ് ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്. അഞ്ച് വര്‍ഷമായി ശസ്ത്രക്രിയ ഉപകരണം യുവതിയുടെ വയറ്റിലായിരുന്നു. തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക ഉളളതായി കണ്ടെത്തിയത്.

2017 നവംബര്‍ 30നാണ് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇവരുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷീനയ്ക്ക് അവശതയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥത കൂടിയതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക കുടുങ്ങികിടക്കുന്നതായി കണ്ടെത്തിയത്.

Exit mobile version