അന്ന് ആ തോളില്‍ നായനാര്‍, ഇന്ന് ‘സഹോദരന്‍’: അന്ത്യയാത്രയില്‍ ഒപ്പം ചേര്‍ന്ന് പിണറായി

കണ്ണൂര്‍: സഹോദരന്‍ എന്നത് വെറുംവാക്ക് മാത്രമായിരുന്നു, ഇന്നലെ മുതല്‍ കോടിയേരിയുടെ നിശ്ചലദേഹത്തിനടുത്ത് നിര്‍വികാരനായി ഇരുന്ന മുഖ്യമന്ത്രിയെയാണ് കേരളം ഒന്നടങ്കം കണ്ടത്. ഒടുവില്‍ യാത്രാമൊഴിയേകിയപ്പോഴും ഉള്ളില്‍ അടക്കിപ്പിടിച്ച കണ്ണീര്‍കെട്ടുകള്‍ അഴിഞ്ഞുവീണു, വാക്കുകള്‍ മുറിഞ്ഞുപോയി.

നടന്നുതീര്‍ത്ത രാഷ്ട്രീയ വഴികളിലെല്ലാം ഒപ്പമുണ്ടായിരുന്ന സഹോദരനെയാണ് പിണറായിയ്ക്ക് നഷ്ടമായത്. സ്‌നേഹസതീര്‍ഥ്യന്റെ അന്ത്യയാത്രയിലും പിണറായി വിജയന്‍ ഒപ്പം ചേര്‍ന്നുനിന്നിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിലെ പൊതുദര്‍ശനത്തിലും അഴീക്കോടന്‍ മന്ദിരത്തിലെ പൊതുദര്‍ശനത്തിനും മുഖ്യമന്ത്രി മുഴുവന്‍ സമയം ഒപ്പമുണ്ടായിരുന്നു. അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലം ശ്മശാനത്തിലേക്കുള്ള വിലാപയാത്രയേയും മുഖ്യമന്ത്രി അനുഗമിച്ചു.

അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നാരംഭിച്ച വിലാപയാത്രയ്ക്കൊപ്പം കാല്‍നടയയായി രണ്ടര കിലോമീറ്റര്‍ മുഖ്യമന്ത്രിയും ചേര്‍ന്നു. പയ്യാമ്പലത്തെത്തിച്ച കോടിയേരിയുടെ മൃതദേഹം ചിതയിലേക്കെടുക്കുമ്പോഴും ശവമഞ്ചം ചുമലിലേറ്റാന്‍ പിണറായി മുന്നില്‍ ഉണ്ടായിരുന്നു.

നയനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായുള്ള സ്ഥലത്തേക്ക് കേടിയേരിയുടെ മൃതദേഹം എത്തുമ്പോള്‍ ‘ഇല്ലാ ഇല്ല മരിക്കില്ല ഞങ്ങളുടെ സഖാവ്… ജീവിക്കുന്നു ഞങ്ങളിലൂടെ..’ എന്ന മുദ്രാവാക്യം അലയടിച്ചു.
സഹോദരനെ നഷ്ടപ്പെട്ട വേദനയില്‍ മൃതദേഹം തോളിലെടുത്ത് മുന്‍പന്തിയില്‍ പിണറായി വിജയന്‍ നടക്കുമ്പോള്‍ അത് മറ്റൊരു ചരിത്രത്തിന്റെ തനിയാവര്‍ത്തനമായിരുന്നു. 2004 ല്‍ ഇകെ നായനാരുടെ മൃതദേഹം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വിലാപ യാത്രയായി കൊണ്ടുവരുന്ന വേളയിലും നായനാരുടെ മൃതദേഹം തോളിലെടുക്കാന്‍ മുന്നില്‍ നിന്നത് പിണറായി വിജയനായിരുന്നു.

കോടിയേരിയുടെ മക്കളായ ബിനീഷും ബിനോയിയും ചേര്‍ന്ന് കോടിയേരിയുടെ ചിതയ്ക്ക് തീകൊളുത്തിയതോടെ പ്രിയപ്പെട്ട സുഹൃത്തിന് അവസാനമായി മുഷ്ടിചുരുട്ടി അഭിവാദ്യമര്‍പ്പിച്ചാണ് പിണറായി വിജയന്‍ മടങ്ങിയത്.

Exit mobile version