നായയെ കണ്ട് ആദ്യം എല്ലാവരും ഭയന്നു, റോട്ട് വീലറാണന്ന് അറിഞ്ഞപ്പോള്‍ സ്വന്തമാക്കാന്‍ തല്ല്

ആലപ്പുഴ: ഇന്നലെ രാവിലെ ദേശീയ പാതയോരത്ത് ഉപേക്ഷിച്ച നിലയില്‍ റോട്ട് വീലര്‍.
നായയെ കണ്ട് ആദ്യം എല്ലാവരും ഭയന്ന് മാറി നിന്നു. ഒടുവില്‍ വലിയ വിലയുള്ള ഇനമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സ്വന്തമാക്കാന്‍ തല്ലായി. പക്ഷേ, കെട്ടിയിട്ട നായയെ കെട്ടഴിച്ച് കൊണ്ടുപോകാനുള്ള ധൈര്യം ആര്‍ക്കുമുണ്ടായില്ല.

സംഭവം നടന്നത് ഇന്നലെ രാവിലെ കലവൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്താണ്. ദേശീയ പാതയോരത്തെ കടത്തിണ്ണയില്‍ വീടുകളില്‍ നായയെ കെട്ടിയിടാനുപയോഗിക്കുന്ന ചങ്ങലയില്‍ കെട്ടിയിട്ട നിലയിലായിരുന്നു നായ. അതിരാവിലെ നായ നിര്‍ത്താതെ കുരച്ചു കൊണ്ടിരുന്നതോടെയാണ് നാട്ടുകാര്‍ സംഭവം ശ്രദ്ധിക്കുന്നത്.

എന്നാല്‍ കാഴ്ചയില്‍ തന്നെ ഭയപ്പെടുന്ന നായയുടെ അടുത്ത് പോകാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ഒടുവില്‍ നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത് കുമര്‍ സ്ഥലത്തെത്തി. അദ്ദേഹം വിവരം അറിയിച്ചത് അനുസരിച്ച് കവലൂര്‍ മൃഗാശുപത്രിയിലെ ഡോ.ജിം കിഴക്കൂടനും സ്ഥലത്തെത്തി.

വിദേശ ഇനമായ റോട്ട് വീലറാണെന്ന് അറിയിച്ചു. ഇതോടെ നാട്ടുകാര്‍ക്കും താത്പര്യമായി. റോട്ട്‌വീലറിന്റെ കുട്ടികള്‍ക്ക് മാര്‍ക്കറ്റില്‍ വലിയ വിലയുണ്ടെന്ന് പറഞ്ഞതോടെ നായയ്ക്കായി നാട്ടുകാരുടെ പിടിവലിയായി. എന്നാല്‍, കെട്ടിയിട്ടിരിക്കുന്ന കെട്ട് അഴിച്ച് നായയെയും കൂട്ടി പോകാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.

പുലര്‍ച്ചെ ദേശീയപാതയില്‍ കാറില്‍ വന്ന സംഘമാണ് നായയെ പീടിക തിണ്ണയില്‍ കെട്ടിയിട്ട് കടന്ന് കളഞ്ഞതെന്ന് സമീപത്തെ തട്ടുകടക്കാരന്‍ പറയുന്നു. യാത്രയ്ക്കിടെ വിശ്രമിക്കുന്ന നേരം കെട്ടിയിട്ടതെന്നാണ് വന്നവര്‍ പറഞ്ഞത്. എന്നാല്‍, ആളുകളുടെ ശ്രദ്ധമാറിയപ്പോള്‍ നായയെ ഉപേക്ഷിച്ച് സംഘം മുങ്ങുകയായിരുന്നു.

Exit mobile version