65 ദിവസം പിന്നിട്ടിട്ടും പ്രസവിക്കുന്നില്ല, ആശുപത്രിയിൽ എത്തിച്ചു; ഒടുവിൽ ഡയാനയ്ക്ക് പിറന്നത് 10 കുഞ്ഞുങ്ങൾ, പുതുവർഷം കെങ്കേമം

ആലപ്പുഴ: 65 ദിവസം പിന്നിട്ടും പ്രസവിക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ലാബ്രഡോർ ഇനത്തിൽപെട്ട നായക്കുട്ടി ജന്മം നൽകിയത് 10 കുഞ്ഞുങ്ങൾക്ക്. പുതുവർഷ രാവിലാണ് ഡയാന എന്ന വിളിപ്പേരുള്ള നായക്കുട്ടി 10 കുഞ്ഞുങ്ങളെ പ്രവസിച്ചത്. ഹരിപ്പാട് കുഴിക്കാല സ്വദേശി സന്തോഷ് കുമാറിന്റെ വളർത്തുനായയാണ് ഡയാന.

പുതുവർഷത്തിൽ തന്നെ ഇത്രയുമധികം കുട്ടികളെ കിട്ടിയ സന്തോഷത്തിലാണ് സന്തോഷ് കുമാറും കുടുംബവും. ഹരിപ്പാട് ട്രീറ്റ് അൺ യൂഷ്വൽ വെറ്ററിനറി ഹോസ്പിറ്റലിലാണ് ഡയാനയെ എത്തിച്ചത്. സീനിയർ വെറ്ററിനറി സർജൻ ഡോ. അശ്വതിയുടെ നേതൃത്വത്തിൽ സ്‌കാനിങ് നടത്തിയപ്പോൾ 10 കുഞ്ഞുങ്ങളുണ്ടെന്ന് ബോധ്യമായി.

ഉടൻ തന്നെ സീസേറിയൻ നടത്തുകയായിരുന്നു. ഡോ. രശ്മി രവീന്ദ്രൻ, ഡോ. തസ്‌നി സാദിഖ് നഴ്‌സുമാരായ അഷ്ഹിൽ, അഫ്‌സൽ എന്നിവരാണ് ശസ്ത്രക്രിയയിലൂടെ 10 കുഞ്ഞുങ്ങളെ പുറത്തെടുത്തത്.

Exit mobile version