തെരുവുനായയെ കണ്ട് ഭയന്ന് ഓടിയ 8വയസുകാരൻ കിണറ്റിൽ വീണു; നിലവിളിച്ച് സഹോദരി, അതിസാഹസിക രക്ഷപ്പെടൽ

ഏറ്റുമാനൂർ: തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ 8 വയസുകാരന് നാട്ടുകാരുടെ ഇടപെടലിൽ അത്ഭുത രക്ഷ. സ്‌കൂളിൽ നിന്നു വീട്ടിലേക്കു മടങ്ങിയ ലെവിൻ ഷൈജുവാണ് 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. കുറുമുള്ളൂർ സെന്റ് തോമസ് സ്‌കൂളിലെ 3ാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ കിണറ്റിൽ വീണത് കണ്ട് ഒപ്പമുണ്ടായിരുന്ന സഹോദരി കരഞ്ഞു ബഹളം കൂട്ടിയതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്.

പോലീസ് അന്വേഷിച്ചു വരേണ്ട, ഞങ്ങൾക്ക് ആന പാപ്പാന്മാരാകണം; കത്തെഴുതി തൃശ്ശൂരിൽ മൂന്ന് വിദ്യാർത്ഥികൾ കോട്ടയത്തേയ്ക്ക് കടന്നു!

നീണ്ടൂർ ഓണംതുരുത്ത് വാസ്‌കോ കവലയ്ക്കു സമീപം കോതയാനിക്കൽ ഭാഗത്താണ് സംഭവം. സാധാരണ നടന്നുവരുന്ന വഴിയിൽ നായശല്യം രൂക്ഷമായതിനാൽ കുറുക്കുവഴിയേ വീട്ടിലേക്കു മടങ്ങുകയായിരുന്നു ലെവിനും ചേച്ചി ആറാം ക്ലാസുകാരി ഗ്ലോറിയയും. വീടിനു പിന്നിലെ കാടുകയറിയ പറമ്പിന്റെ ഒറ്റയടിപ്പാതയിലൂടെ വരുമ്പോൾ തെരുവുനായ കുരച്ചു ചാടി.

കുട്ടികൾ പേടിച്ച് രണ്ടു ഭാഗത്തേക്ക് ഓടി. ഗ്ലോറിയ സമീപത്തെ കോതാട്ട് തടത്തിൽ രഞ്ജിതയുടെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. ഉടൻ തന്നെ രഞ്ജിത, ഗ്ലോറിയയെ സംരക്ഷിച്ചു. എന്നാൽ ലെവിൻ കിണറ്റിലേക്ക് വീഴുകയും ചെയ്തു. കരച്ചിൽ കേട്ട് ഗ്ലോറിയ ഓടിയെത്തി നോക്കുമ്പോൾ മോട്ടറിന്റെ കയറിൽ പിടിച്ച് കിണറിനുള്ളിൽ തൂങ്ങി നിന്നു നിലവിളിക്കുകയായിരുന്നു ലെവിൻ. കിണറിന്റെ താഴ്ചയിൽ വെള്ളത്തിൽ മുട്ടിയാണ് ലെവിൻ കയറിൽ തൂങ്ങിനിന്നത്.

രഞ്ജിതയും ഗ്ലോറിയയും ബഹളംവച്ച് നാട്ടുകാരെ കൂട്ടി. നാട്ടുകാരനായ ജിനു മരത്തിൽ കയർ കെട്ടി അതിൽതൂങ്ങി കിണറ്റിലേക്ക് ഇറങ്ങി. വെള്ളത്തിലേക്ക് താഴ്ന്നു പോകാതെ ലെവിനെ താങ്ങിനിർത്തി. മറ്റൊരു കയറിൽ കസേര കെട്ടിയിറക്കി ലെവിനെ അതിൽ ഇരുത്തി കരയിലേക്കു മറ്റുള്ളവർ വലിച്ചുകയറ്റുകയായിരുന്നു. ഡ്രൈവറായ ഷൈജു മാത്യുവിന്റെയും അഞ്ജുവിന്റെയും മകനാണ് ലെവിൻ.

Exit mobile version