എകെജി സെന്റര്‍ ആക്രമണ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ഒടുവില്‍ പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവിനെയാണ് കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. മണ്‍വിള സ്വദേശിയാണ് ജിതിന്‍.

ഇയാളെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്. ജിതിനാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്.

25 മീറ്റര്‍ അകലെ 7 പോലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആള്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. നൂറിലധികം സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും 250ല്‍ അധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തതിന് ശേഷമാണ് പ്രതിയിലേക്ക് എത്തിയത്. ഇതുവരെ അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിച്ചു.

also read- വീട്ടുജോലിക്ക് നിര്‍ത്തിയത് പന്ത്രണ്ടു വയസുകാരിയെ; ചട്ടുകം ചൂടാക്കി ദേഹം മുഴുവന്‍ പൊള്ളിച്ചു; കോഴിക്കോട് ഡോക്ടറും ഭാര്യയും അറസ്റ്റില്‍

ചുവന്ന ഡിയോ സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്നു മാത്രമായിരുന്നു ആകെ കണ്ടെത്തിയ വിവരം. ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ കിട്ടിയിരുന്നില്ല. അതേസമയം എറിഞ്ഞത് സാധാരണ പടക്കമാണെന്നും കണ്ടെത്തിയിരുന്നു.

Exit mobile version