‘നായ ഓടിച്ചാൽ വെടിവെച്ച് കൊല്ലും’ തെരുവുനായയെ ഭയന്ന് മദ്രസയിൽ പോകാൻ മടിച്ച മകൾക്ക് വേണ്ടി തോക്കുമെടുത്ത് പിതാവിന്റെ അകമ്പടി! പോലീസ് കേസെടുത്തു

കാസർകോട്: തെരുവുനായ്ക്കളുടെ ഭീഷണി നേരിടാൻ മദ്രസ വിദ്യാർഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി യാത്ര നടത്തിയ രക്ഷിതാവിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. വീഡിയോ വൈറൽ ആയതോടെ സംഭവത്തിൽ പോലീസ് കേസെടുത്തു. കാസർകോട് ബേക്കൽ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് പോലീസ് കേസെടുത്തത്.

ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയെന്ന് ചൂണ്ടികാണിച്ചാണ് പോലീസിന്റെ നടപടി. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്കൊപ്പം ഇറങ്ങി തിരിച്ചത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്നും സമീർ വീഡിയോയിൽ പറയുന്നുണ്ട്.

തൻറെ മകൾ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാൻ മടിച്ചപ്പോഴാണ് താൻ എയർഗണ്ണുമായി കുട്ടികൾക്ക് അകമ്പടി സേവിച്ചതെന്ന് സമീർ പറയുന്നു. സമീറിന്റെ മകൻ തന്നെയാണ് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതേസമയം, പോലീസ് കേസ് എടുത്തതിനു പിന്നാലെ എയർഗണാണ് തന്റെ കൈയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നും സമീർ പറഞ്ഞു.

പ്രദേശത്ത് അടുത്തിടെയായി തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ആറ് വയസുകാരനെ നായ കടിച്ചിരുന്നു. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. പലയിടത്തും ഹോട്ട്‌സ്‌പോട്ട് രക്ഷപ്പെടുത്തി. പുറത്തിറങ്ങാൻ പോലും ഭയന്ന് ജനം വീട്ടിൽ തന്നെ ഇരിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. തക്കതായ പരിഹാരം വേണമെന്നാണ് ഉയരുന്ന ആവശ്യം.

Exit mobile version