‘രാഷ്ട്രീയക്കാര്‍ക്ക് ഈ പുരസ്‌കാരം പതിവില്ല’: മഗ്സസെ പുരസ്‌കാരം നിരസിച്ച് കെകെ ശൈലജ

തിരുവനന്തപുരം: 2022ലെ രമണ്‍ മഗ്സസെ പുരസ്‌കാരം നിരസിച്ച് മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെകെ ശൈലജ. തീരുമാനം താനടക്കമുള്ള പാര്‍ട്ടി നേതൃത്വത്തിന്റേതായിരുന്നുവെന്നും രാഷ്ട്രീയക്കാര്‍ക്ക് ഈ പുരസ്‌കാരം നല്‍കുന്നത് പതിവില്ലെന്നും ശൈലജ വ്യക്തമാക്കി.

വ്യക്തിയെന്ന നിലയിലാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. പക്ഷേ താനൊരു രാഷ്ട്രീയ നേതാവാണ്. ആ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കുകയും പുരസ്‌കാരം നിരാകരിച്ചതെന്നും കെകെ ശൈലജ വ്യക്തമാക്കി.

‘രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ആ ഫൗണ്ടേഷന്‍ അവാര്‍ഡ് കൊടുത്തിട്ടില്ല. നല്‍കുന്നത് വലിയ പുരസ്‌കാരം തന്നെയാണ്. പക്ഷേ ഒരു എന്‍ജിഒ എന്ന നിലയില്‍ അത്തരമൊരു പുരസ്‌കാരം കമ്മ്യൂണിസ്റ്റ്കാരിയെന്ന നിലയില്‍ സ്വീകരിക്കണോ എന്നതാണ് ചര്‍ച്ചയായത്.

മിക്കവാറും ഇത്തരം എന്‍ജിഒകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കുന്നവയല്ല. ഇപ്പോഴെടുത്ത തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണ്. അവാര്‍ഡ് കമ്മിറ്റിയോട് നന്ദി അറിയിക്കുകയും ഒരു വ്യക്തി എന്ന നിലയില്‍ മാത്രമായി അത് സ്വീകരിക്കുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്’. കെകെ ശൈലജ വ്യക്തമാക്കി.

നിപ, കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് കമ്മിറ്റി 64-ാമത് പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രിക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രശംസ ലഭിച്ചിരുന്നു.

Exit mobile version