‘വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയ്ക്ക് നേരത്തെ തന്നെ മലപ്പുറത്ത് സ്മാരകമുണ്ടാക്കിയിട്ടുണ്ട്’; ശശികലയ്ക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയുന്നതില്‍ പാണക്കാട് തങ്ങളെ വെല്ലുവിളിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.

ബ്രിട്ടീഷ് ഭരണക്കാലത്ത് സാധാരണ ജനങ്ങള്‍ക്ക് നേരെ ഉണ്ടായിട്ടുളള കൊടുംക്രൂരതകളെ അംഗീകരിക്കാന്‍ പറ്റില്ല. ജാതിയും മതവും നോക്കാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുളള സമരങ്ങളെ അതേ പോലെ കാണുകയാണ് വേണ്ടത് അല്ലാത്ത രീതിയില്‍ കാണുന്നത് ശരിയല്ലഎന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബ്രിട്ടീഷുകാരും അന്നത്തെ സ്വാതന്ത്ര്യ സമര സേനാനികളും നടത്തിയ പോരാട്ടമല്ലെ അത്. വാഗണ്‍ ട്രാജഡിയില്‍ കൊല്ലപ്പെട്ടവരെ വാഗണിലിട്ട് കൊന്നത് നല്ലതാണെന്ന് ഈ ആധുനിക കാലത്ത് ആരെങ്കിലും പറയുമോ. വാഗണിലിട്ട് കൊണ്ടുപോയത് ആരാണ് ബ്രിട്ടീഷുകാരല്ലെ. ബ്രിട്ടീഷുകാര്‍ ചെയ്ത കൊടും ക്രൂരതയല്ലെ അത്. പൂക്കോട്ടൂര് മറഞ്ഞിരുന്ന് അന്നത്തെ നിരായുധരായ ജനങ്ങള്‍ പോരാടിയത് ബ്രിട്ടീഷുകാര്‍ക്കെതിരെയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പോരാടിയത് ബ്രിട്ടീഷുകാര്‍ക്കെതിരെയാണ്. അദ്ദേഹത്തിന്റെ പേരില്‍ നേരത്തെ തന്നെ മലപ്പുറത്ത് സ്മാരകമുണ്ടാക്കിയിട്ടുണ്ട്. ഈ സമരങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമാണ്. അതിനെ ദുര്‍വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷുകാരുടെ കൊടുംക്രൂരതകളെ എങ്ങനെ നമ്മുക്ക് അംഗീകരിക്കാന്‍ സാധിക്കും. പരസ്പരം കടിച്ചുകീറിയും വെളളമോ, ഒന്ന് ശ്വസിക്കാനോ സാധിക്കാതെ മരിച്ചവരെ മോശമാക്കി പറയാന്‍ പറ്റോ. ജാതിയും മതവും നോക്കാതെ ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സമരങ്ങള്‍ നടന്നിട്ടുണ്ട്.

ആഗസ്റ്റ് 31ന് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ശശികലയുടെ വിവാദ പരാമര്‍ശം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാല്‍ തകര്‍ക്കാന്‍ ലോകത്തിലെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തും. അവിടുത്തെ ചെറിയ ശതമാനം ഹിന്ദുക്കളെ ഭയപ്പെടുത്താനാണോ നിങ്ങളുടെ ശ്രമമെന്നും ശശികല പ്രസംഗത്തില്‍ പറഞ്ഞു

എല്ലാം മറന്ന് ജീവിക്കുന്ന ഒരു ജനതയെ വെല്ലുവിളിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് ഇവിടെ സ്മാരകം ഉയര്‍ത്തിയാല്‍ അത് പിഴുതെറിയാന്‍ ലോകത്തെ മുഴുവന്‍ ഹൈന്ദവ ശക്തിയും മലപ്പുറത്തേക്ക് എത്തുമെന്നും ശശികല പ്രസംഗത്തിലൂട ഭീഷണി മുഴക്കി.

Exit mobile version