ഫെയ്സ്ബുക്ക് മെസഞ്ചർ വഴി നിരന്തരം വീഡിയോ കോൾ; പോലീസുകാരന്റെ ഭാര്യയെ ശല്യപ്പെടുത്തിയ മറ്റൊരു പോലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: പോലീസുകാരന്റെ ഭാര്യയെ ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ വിളിച്ചു ശല്യം ചെയ്യുകയും, ശല്യം ചെയ്തതിനെക്കുറിച്ച് ചോദിച്ച യുവതിയുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ.

എഡിജിപിയുടെ ഓഫീസിലെ പോലീസുകാരനായ പിരപ്പൻകോട് വാദ്യാരുകോണം സ്വദേശി വിനുകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ 14-ന് വെഞ്ഞാറമൂട് സ്വദേശിനിയായ യുവതിയെ നിരന്തരം ഫെയ്‌സ്ബുക്ക് വഴി വീഡിയോ കോൾ ചെയ്തു ശല്യപ്പെടുത്തിയിരുന്നു. യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. തുടർന്ന് ഭർത്താവ് വിനുകുമാറുമായി സംസാരിക്കുകയും വാക്കേറ്റമാകുകയും ചെയ്തു. അടുത്ത ദിവസം വിനുകുമാർ യുവതിയുടെ ഭർത്താവിനെ വിളിച്ചു ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി. അന്വേഷിക്കുകയും കർശനമായ അച്ചടക്ക നടപടി ആവശ്യപ്പെട്ട് റൂറൽ എസ്.പി. ഡി ശില്പയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ആദ്യം മംഗലപുരം സ്റ്റേഷനിലേക്കു സ്ഥലം മാറ്റുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ വിനുകുമാർ യുവതിയുടെ പിതാവ് ഉൾപ്പെട്ട ഗ്രന്ഥശാലയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശങ്ങൾ ഇട്ടു. ഇതിനെ തുടർന്നാണ് അന്വേഷണ വിധേയമായി വിനുകുമാറിനെ സസ്‌പെൻഡ് ചെയ്തത്.

Exit mobile version